ഫ്രഷ് കട്ട് സമരം: സമരസമിതി ചെയർമാൻ കുടുക്കിൽ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; താമരശേരിയിലെ ലീഗ് സ്ഥാനാർത്ഥി

സംഘര്‍ഷത്തില്‍ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു

ഫ്രഷ് കട്ട് സമരം: സമരസമിതി ചെയർമാൻ കുടുക്കിൽ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; താമരശേരിയിലെ ലീഗ് സ്ഥാനാർത്ഥി
dot image

കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് സമരത്തില്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയ സമരസമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. താമരശേരി പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. താമരശേരി പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയാണ് കുടുക്കില്‍ ബാബുവിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചത്.

പത്രിക തയ്യാറാക്കാന്‍ സഹായിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഹാഫിസ് റഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ബാബു വിദേശത്താണ്. ബാബു എവിടെയാണെന്ന് കണ്ടെത്താനാണ് ഹാഫിസിനെ കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷത്തില്‍ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ഒക്ടോബര്‍ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘര്‍ഷത്തിലെത്തുന്നത്. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്‌നിക്കിരയാക്കിയിരുന്നു.

Content Highlights: Fresh Cut strike police issue look out notice against strike committee chairman Kudukkil Babu

dot image
To advertise here,contact us
dot image