

പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ഡ്യൂഡ് സിനിമ ഒടിടിയിൽ ഇറങ്ങിയ ശേഷം നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തിയേറ്റർ റിലീസ് സമയത്തും നേരിട്ട വിമർശനം ചിത്രം ഒടിടിയിൽ എത്തിയിട്ടും വീണ്ടും ആവർത്തിക്കുകയാണ്. മമിത നായകനായ പ്രദീപിനെ ട്രെയിനിൽ വെച്ച് മുട്ടുകുത്തി പ്രൊപ്പോസ് ചെയുമ്പോൾ 'എന്താടി ബിറ്റ് പടത്തിലെ പോലെ ഇരിക്കുന്നെ' എന്ന് ചോദിക്കുന്ന സംഭാഷണം നേരത്തെയും പ്രശ്നമായിരുന്നു. ഇപ്പോൾ ഒരു പ്രേക്ഷക സംവിധായകന് ഈ സീനിനെക്കുറിച്ച് അയച്ച സന്ദേശത്തിന് ഒട്ടും മര്യാദ ഇല്ലാത്ത മറുപടി നൽകിയെന്നാണ് പറയുന്നത്.
'നിങ്ങളുടെ ഇന്റര്‍വ്യൂവിന്റെ ചില ഭാഗങ്ങള്‍ കണ്ടിരുന്നു. അതില്‍ നിങ്ങള്‍ സിനിമയില്‍ നായികയായ മമിത ബൈജു പ്രൊപോസ് ചെയ്യുന്ന സീനില്‍ 'എന്നടി ബിറ്റ് പടം പോസില ഇറുക്കാ' എന്ന് പറയുന്ന സീനിനെ നോര്‍മലൈസ് ചെയ്യുന്നത് കണ്ടു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ദയവു ചെയ്ത് നോര്‍മലൈസ് ചെയ്യരുത്. നിങ്ങള്‍ പറയുന്നത് പോലെ അത് സാധാരണയായി സുഹൃത്തുകള്‍ക്ക് ഒപ്പം ഇരിക്കുമ്പോള്‍ തമാശയായി പറയുന്ന ഒന്നല്ല. നല്ല സുഹൃത്തുക്കൾ അങ്ങനെ പറയുകയുമില്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ നിങ്ങളിതിനെ ന്യായീകരിക്കുന്നത് നാണക്കേടാണ്'.

'നിങ്ങളുടെ ഈ സിനിമ ഒന്നിനും കൊള്ളില്ല. സീനുകള്‍ തമ്മില്‍ യാതൊരു ബന്ധവും തോന്നുന്നില്ല. ചില ക്രിഞ്ച് റീലുകള്‍ ചേര്‍ത്ത് വെച്ച ഒരു പടം എടുത്തത് പോലെയാണ് തോന്നുന്നത്. ഇനിയെങ്കിലും കുറച്ച് നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കൂ', പ്രേക്ഷകയുടെ സന്ദേശം ഇങ്ങനെയായിരുന്നു. 'എന്റെ ചാറ്റ്ബോക്സിൽ വന്ന് ഓരോന്ന് പറയാതെ വേറെ എന്തെങ്കിലും ചെയ്യൂ…' പ്രേക്ഷകയുടെ സന്ദേശത്തിന് സംവിധായകൻ കീർത്തിശ്വരൻ നൽകിയ മറുപടിയാണിത്.


അതേസമയം, ഒ ടി ടി റിലീസിന് ശേഷം നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് ചിത്രം നേരിടുന്നത്. ബോക്സ് ഓഫീസിൽ 100 കോടിക്ക് മുകളിൽ സിനിമ നേടിയെങ്കിലും ഇപ്പോൾ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തമിഴിലെ മമിതയുടെ ആദ്യ 100 കോടി കൂടെയാണ് സിനിമ. ആദ്യ മൂന്ന് സിനിമകളിൽ നിന്ന് ഹാട്രിക്ക് 100 കോടി നേടുന്ന ഒരു താരം എന്ന നിലയിലേക്ക് ഉയരുകയാണ് പ്രദീപ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.
Content Highlights: Dude Movie Director Replies to a message of a viewer