

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കണമെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് സ്മൃതിപരുത്തിക്കാട് എന്ന സംവാദ പരിപാടിയിലാണ് പി ജയരാജന്റെ പ്രതികരണം.
ശബരിമല വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്. ശബരിമല സ്വർണ്ണപ്പാളിയിൽ കുറവ് വന്നിട്ടുണ്ടെങ്കിൽ അത് കൃത്യമായി അന്വേഷിക്കണം. അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. പലരും സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി കോടതിയിൽ പോയി. എന്നാൽ സംസ്ഥാന പൊലീസിൽ ഹൈക്കോടതി തന്നെ വിശ്വാസമർപ്പിച്ചാണ് എസ്‌ഐടി അന്വേഷണം നടക്കുന്നത്. അതിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. അത് ആരായാലും, തെറ്റ് ചെയ്തവർ നടപടിക്ക് വിധേയരാകണമെന്ന് പി ജയരാജൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളാകും തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടുക. അതാണ് ബിജെപിയെയും കോൺഗ്രസിനെയും വിഷമിപ്പിക്കുന്നത്. വികസനത്തെ സംബന്ധിച്ച് കോൺഗ്രസിന്റെയും ബിജെപിയുടെയും വലതുപക്ഷസമീപനത്തിൽനിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തിന് വേറിട്ട നിലപാടുണ്ട്. വികസനത്തിന്റെ ഹരിശ്രീ തുടങ്ങേണ്ടത് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരിൽനിന്നാണ്. അക്കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷം പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും പി ജയരാജൻ പറഞ്ഞു.
Content Highlights : CPIM leader P Jayarajan reacts on sabarimala gold theft case