

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ ഒരുമിച്ച് പോകണമെന്ന് ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ശശി തരൂരിന്റെ എക്‌സ് പോസ്റ്റ്. ജനാധിപത്യം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
'തെരഞ്ഞെടുപ്പില്‍ തടസങ്ങളൊന്നുമില്ലാതെ നിങ്ങളുടെ കാഴ്ചപ്പാടില്‍ പോരാടൂ. എന്നാല്‍ അത് കഴിഞ്ഞാല്‍ ആളുകള്‍ തമ്മില്‍ സംസാരിക്കണം. രാജ്യത്തിൻ്റെ പൊതു താല്‍പര്യത്തിന് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കണം', ശശി തരൂര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഇത്തരത്തിലുള്ള കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അതിന് വേണ്ടി താന്‍ പ്രവര്‍ത്തിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം ഉയരുന്നതിനിടിയിലാണ് വീണ്ടും ഒളിയമ്പുമായി ശശി തരൂര്‍ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു ട്രംപും മംദാനിയും തമ്മില്‍ ഓവല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. ന്യൂയോര്‍ക്ക് സിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് മംദാനിയെ പുകഴ്ത്തിയിരുന്നു. മംദാനി നല്ല മേയറെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
മംദാനിയെ മേയറായി തെരഞ്ഞെടുത്താല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് സമയത്ത് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ മംദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇതില്‍ നിന്നും പിന്നോട്ട് പോകുന്നതായി ട്രംപ് പറഞ്ഞിരുന്നു. താന്‍ മംദാനിയെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വേദനിപ്പിക്കാനല്ലെന്നും ട്രംപ് പറഞ്ഞു. മംദാനിക്ക് മികച്ച കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ന്യൂയോര്‍ക്ക് സിറ്റിയുടെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട ആശങ്കകളിലായിരുന്നു ചര്‍ച്ച കേന്ദ്രീകരിച്ചതെന്നും മംദാനി പറഞ്ഞു. 'അമേരിക്കയിലെ ഏറ്റവും ചെലവേറിയ നഗരമായ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് അവര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഭക്ഷണം എത്തിച്ച് നല്‍കേണ്ടതുണ്ട്. വാടക, നിത്യസാധനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു', മംദാനി പറഞ്ഞു.
Content Highlights: Shashi Tharoor prises Trump Mamdani meet up