

മണിരത്നം രചനയും സംവിധാനവും നിർവഹിച്ച് 1995ൽ പുറത്തിറങ്ങിയ സിനിമയാണ് ബോംബെ. അരവിന്ദ് സ്വാമി, മനീഷ കൊയ്‌രാള തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്. സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു ചിത്രത്തിലെ പാട്ടുകൾ. എ ആർ റഹ്‌മാൻ ഈണമിട്ട സിനിമയിലെ ഉയിരേ… ഉയിരേ… വന്ത് എന്നോട് കലന്ത് വിട്… എന്ന ഗാനം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഈ പാട്ടിന് പിന്നിലെ കഥ പറയുകയാണ് എ ആർ റഹ്‌മാൻ ഇപ്പോൾ.
തനിക്ക് ആ ഗാനം പാടാൻ എസ്പിബി അല്ലെങ്കില്‍ യേശുദാസിനെ ആയിരുന്നു വേണ്ടിയിരുന്നതെന്നും എന്നാൽ മണി രത്‌നമാണ് ഹരിഹരനെ തിരഞ്ഞെടുത്തതെന്നും എ ആർ റഹ്‌മാൻ പറഞ്ഞു. അതിന്റെ കാരണം തനിക്ക് ഇപ്പോഴും അറിയില്ലെന്നും റഹ്‌മാൻ കൂട്ടിച്ചേർത്തു. നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റിലാണ് റഹ്മാൻ ഇക്കാര്യം പറഞ്ഞത്.
'മണിരത്‌നത്തിന് ഒരു പ്രണയഗാനം ആയിരുന്നു വേണ്ടിയിരുന്നത്. മനസിലേക്ക് വന്ന ട്യൂണ്‍ ഒരു മിനി കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത് മണിരത്‌നത്തെ കേള്‍പ്പിച്ചു. റെക്കോര്‍ഡ് ചെയ്‌തോളാന്‍ അദ്ദേഹം പറഞ്ഞു. പാടാന്‍ എസ്പിബി അല്ലെങ്കില്‍ യേശുദാസിനെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാന്‍ ഹരിഹരന്റെ പേരും വെച്ചു, പക്ഷെ അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മൂന്നുപേരുകള്‍ വെച്ച് പ്രാർത്ഥിച്ച് അതില്‍നിന്ന് ഒരുപേരെടുത്തപ്പോള്‍, അതില്‍ ഹരിഹരന്റെ പേരായിരുന്നു ഉള്ളത്.
ആ പാട്ടിന് അസ്വാഭാവികമായ ഗായകനാണ് ഹരിഹരന്‍. കാരണം അദ്ദേഹം ഒരു ഗസല്‍ ഗായകനാണ്. ഇപ്പോള്‍പ്പോലും അദ്ദേഹം സംഗീത പരിപാടികളില്‍ പാടുമ്പോള്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ ഇംപ്രൊവൈസ് ചെയ്യുന്നു. അദ്ദേഹം ഒരിക്കലും ഒരു നോട്ടില്‍ നിര്‍ത്തില്ല. അത് അദ്ദേഹത്തിന്റെ രീതിയാണ്,' റഹ്മാൻ പറഞ്ഞു.
Content Highlights: AR Rahman on the song from the movie Bombay