

കോഴിക്കോട്: പന്തീരങ്കാവില്‍ സ്വര്‍ണക്കടയില്‍ മോഷണം നടത്തുന്നതിനിടെ പിടിയിലായ സ്ത്രീ ഫറോക്ക് പഞ്ചായത്തിലെ മുന്‍ അംഗമായിരുന്ന ആളെന്ന് പൊലീസ്. പൂവാട്ടുപറമ്പ് പരിയങ്ങാട് താടായില്‍ മേലേ മേത്തടം സൗദാബി(47)യാണ് വ്യാഴാഴ്ച സ്വര്‍ണക്കടയിൽ മോഷണ ശ്രമം നടത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സൗദാബി വസ്തുവകകള്‍ വിറ്റ് ഫോറോക്കില്‍ നിന്ന് മാറി താമസിച്ചിരുന്നു.
മോഷണശ്രമത്തിന് പിന്നാലെ ഇവരെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സൗദാബിക്ക് മാനസിക വൈകല്യമുണ്ടെന്നാണ് ബന്ധുക്കള്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഇവരെ സര്‍ക്കാര്‍ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കുരുമുളക് സ്‌പ്രേ, സിഗരറ്റ് ലൈറ്റര്‍, പെട്രോള്‍ എന്നിവയുമായായിരുന്നു ഇവര്‍ സ്വര്‍ണക്കടയില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. സൗദാബി ആദ്യത്തെ രണ്ട് തവണ മുഖം മറച്ചും പിന്നീട് മറയ്ക്കാതെയും സ്വര്‍ണക്കടയില്‍ എത്തിയതായി കടയുടമയുടെ മകള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
കൃത്യമായ മുന്നൊരുക്കങ്ങളോടെ പ്ലാന്‍ ചെയ്തുള്ള മോഷണശ്രമമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. അതിനാല്‍ സൗദാബിക്ക് മാനസിക വെല്ലുവിളിയുള്ളതായി കരുതുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. വനിതാ സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവരെ കോടതി അനുവദിച്ചാല്‍ ഉടന്‍ ചോദ്യം ചെയ്യാനും തുടര്‍ നടപടികളിലേക്ക് കടക്കാനുമാണ് പൊലീസിന്റെ നീക്കം.
Content Highlight: Former Feroke panchayat member held in Kozhikode gold shop heist attempt