'ഇന്ത്യ- പാക് സംഘർഷത്തെ ചൈന മുതലെടുക്കുകയായിരുന്നു'; വിമർശിച്ച് യുഎസ് കമ്മീഷൻ വാർഷിക റിപ്പോർട്ട്

ഓപ്പറേഷന്‍ സിന്ദൂറിനെ നേരിടുന്നതിനായി പാകിസ്താന്‍ ഉപയോഗിച്ചിരുന്നത് ചൈനയില്‍ നിന്ന് വാങ്ങിയ ആയുധങ്ങളെന്നും റിപ്പോര്‍ട്ടിൽ

'ഇന്ത്യ- പാക് സംഘർഷത്തെ ചൈന മുതലെടുക്കുകയായിരുന്നു'; വിമർശിച്ച് യുഎസ് കമ്മീഷൻ വാർഷിക റിപ്പോർട്ട്
dot image

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷത്തെ ചൈന മുതലെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ഇന്ത്യയുടെ തിരിച്ചടിയെ നേരിടുന്നതിനായി പാകിസ്താന്‍ ഉപയോഗിച്ചിരുന്നത് ചൈനയില്‍ നിന്ന് വാങ്ങിയ ആയുധങ്ങളെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. തങ്ങള്‍ നിര്‍മ്മിച്ച ആയുധങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും അവ പരീക്ഷിക്കുന്നതിനുമായി ഇന്ത്യ- പാക് സംഘര്‍ഷത്തെ ചൈന ഉപയോഗപ്പെടുത്തിയെന്ന് യുഎസ് കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.

ചൈന നിര്‍മ്മിച്ച എച്ച് ക്യൂ 9 വ്യോമ പ്രതിരോധ സംവിധാനം, പിഎല്‍ 15 എയര്‍ ടു എയര്‍ മിസൈല്‍, ജെ 10 യുദ്ധ വിമാനം എന്നിവ ഇന്ത്യ- പാക് സംഘര്‍ഷത്തിനിടെ പരീക്ഷിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് വരെ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ ആയുധങ്ങള്‍ ആദ്യമായി ഒരു ഗ്രൗണ്ടില്‍ ഉപയോഗിക്കപ്പെട്ടത് ഇന്ത്യ-പാക് സംഘര്‍ഷത്തിലായിരുന്നു. പ്രതിരോധ വ്യവസായത്തില്‍ മുന്നേറാന്‍ ഏറെ ആഗ്രഹമുള്ള ചൈന ഇന്ത്യ- പാക് സംഘര്‍ഷ സമയത്തെ പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു.

സംഘര്‍ഷത്തില്‍ ഇന്ത്യ ഉപയോഗിച്ച റാഫേല്‍ യുദ്ധ വിമാനങ്ങളെക്കാള്‍ നല്ലത് തങ്ങളുടെ യുദ്ധ വിമാനങ്ങളാണ് എന്ന് കാണിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങളും ചൈന നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷം നടന്ന് ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷം തന്നെ ചൈന തങ്ങളുടെ യുദ്ധോപകരണങ്ങൾ മികച്ച പ്രകടനും കാഴ്ച്ചവെക്കുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടുത്തിയാണ് റിപ്പോർട്ടിൽ പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഇന്ത്യ- പാകിസ്താന്‍ എന്നിങ്ങനെ രണ്ട് ആഗോളശക്തികള്‍ തമ്മിലുണ്ടായ സംഘര്‍ഷമായതിനാല്‍ ലോകത്തിന്റെ കണ്ണ് മുഴുവന്‍ സംഘര്‍ഷ ഭൂമിയിലേക്കായിരുന്നു. ഈ അവസരമാണ് ഒട്ടും പാഴാക്കാതെ ചൈന ഉപയോഗിച്ചതെന്നും ആക്ഷേപമുണ്ട്.

എന്നാല്‍ യുഎസ് കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ചൈന രംഗത്തെത്തിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം തെറ്റാണെന്നും യുഎസ് കമ്മീഷന്‍ എപ്പോഴും ചൈനയ്‌ക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാറുണ്ടെന്നും ചൈന പ്രതികരിച്ചു.

Content Highlight; China used the India–Pakistan conflict to conduct “real-world” tests of its weapons

dot image
To advertise here,contact us
dot image