

കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ച യുവമോർച്ച നേതാവ് കസ്റ്റഡിയിൽ. യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനാണ് പിടിയിലായത്. മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു മർദനം. ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായി യുവതി മരട് സ്റ്റേഷനിൽ ഹാജരായി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
അഞ്ച് വർഷമായി യുവതിയും ഗോപു പരമശിവനും ലിവിങ് റിലേഷനിലായിരുന്നു. ഇക്കാലയളവിലെല്ലാം ഇയാൾ യുവതിയെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. പീഡനം സഹിക്കാനാകാതെ ഇന്നലെ പെൺകുട്ടി വീട് വിട്ടിറങ്ങി പോയിരുന്നു. തുടർന്ന് ഗോപു പൊലീസ് സ്റ്റേഷനിൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പെൺകുട്ടിയെ ബന്ധപ്പെടുകയും ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷനിലെത്തിയ യുവതി ഇവിടെവച്ച് ശരീരത്തിലേറ്റ പരിക്കുകൾ വെളിപ്പെടുത്തുകയായിരുന്നു.
ചാർജർ വയർ പൊട്ടുന്നതു വരെ തല്ലി. എന്തിനാണ് മർദിക്കുന്നതെന്ന് പോലും പറയാറില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. നേരത്തെയുള്ള വിവാഹത്തിൽ യുവതിക്ക് രണ്ട് കുട്ടികളുണ്ട്. ഇവർ മുൻ ഭർത്താവിനൊപ്പമാണ് താമസം. മർദനവിവരം പുറത്തു പറഞ്ഞാൽ കുട്ടികളെ ഉപദ്രവിക്കുമെന്ന് ഗോപു പരമശിവൻ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പറഞ്ഞു.
Content Highlights: Yuva Morcha leader in custody for brutally beating partner