

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ സ്ഥാനാർത്ഥി. സിപിഐഎം ശക്തികേന്ദ്രമായ എള്ളരിഞ്ഞി വാർഡിലാണ് വിജിൽ ജനവിധി തേടുക. നിലവിൽ ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ കൂടിയായ വിജിൽ മോഹന് സീറ്റ് നിഷേധിച്ചതിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലിന് നേതൃത്വം സീറ്റ് നൽകിയത്.
കഴിഞ്ഞ തവണ 309 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐഎം വിജയിച്ച വാർഡാണ് എള്ളരിഞ്ഞി. 40 വർഷം സിപിഐഎം കുത്തകയായിരുന്ന കൈതപ്രം വാർഡിൽ കഴിഞ്ഞ തവണ 105 വോട്ടുകളുടെ അട്ടിമറി വിജയം നേടിയായിരുന്നു വിജിൽ കൗൺസിലറായത്. ഇത്തവണ മടമ്പം, കണിയാർവയൽ, പന്ന്യാൽ വാർഡുകളിൽ വിജിലിന്റെ പേര് സജീവ പരിഗണനയിലുണ്ടായിരുന്നെങ്കിലും മുതിർന്ന നേതാക്കൾ മത്സരിക്കാനായി തർക്കമുണ്ടായതോടെ പേര് ആദ്യഘട്ടത്തിൽ വെട്ടുകയായിരുന്നു. വിജിൽ സിപിഐഎം ശക്തികേന്ദ്രത്തിൽ വിജയിക്കുകയും യുഡിഎഫിന് നഗരസഭാഭരണം ലഭിക്കുകയും ചെയ്താൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ ചെയർമാൻ സ്ഥാനത്തേക്കും വിജിലിനെ പരിഗണിക്കേണ്ടിവരും.
Content Highlights: Youth Congress Kannur District President Vijil Mohanan is the candidate