ശബരിമലയിൽ വൻഭക്തജന തിരക്ക്; സ്പോട്ട് ബുക്കിങ് നിലയ്ക്കലേക്ക് മാറ്റി, എൻഡിആർഎഫ് സംഘം സന്നിധാനത്ത്

തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി ബുക്കിങ് 20,000 പേര്‍ക്ക് മാത്രമാക്കി ചുരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു

ശബരിമലയിൽ വൻഭക്തജന തിരക്ക്; സ്പോട്ട് ബുക്കിങ് നിലയ്ക്കലേക്ക് മാറ്റി, എൻഡിആർഎഫ് സംഘം സന്നിധാനത്ത്
dot image

പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക് തുടരുന്നതിനാല്‍ പമ്പയിലെ സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പയില്‍ നടന്നിരുന്ന സ്‌പോട്ട് ബുക്കിങ് നിലയ്ക്കല്‍ നടക്കും. കൂടാതെ തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി ബുക്കിങ് 20,000 പേര്‍ക്ക് മാത്രമാക്കി ചുരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ മുപ്പതിനായിരത്തിലധികം ആളുകള്‍ക്ക് സ്‌പോട്ട് ബുക്കിങ് നടത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ തിരക്ക് അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് സ്‌പോട്ട് ബുക്കിങ് കുറയ്ക്കാന്‍ തീരുമാനമായത്. സ്‌പോട്ട് ബുക്കിങ്ങിനായി അധികം ആളുകള്‍ എത്തിയാല്‍ അവര്‍ക്ക് അടുത്ത ദിവസം ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

പമ്പയില്‍ എത്തിയാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ദര്‍ശനം നടത്താനുള്ള അവസരമുണ്ടാകും. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കല്‍ സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. എല്ലാ ഭക്തര്‍ക്കും കുടിവെള്ളം ഉറപ്പാക്കുകയും ഇതിന് പുറമെ ലഘുഭക്ഷണവും ചുക്കുകാപ്പിയും നല്‍കും.

നിലയ്ക്കലില്‍ ഏഴ് ബുക്കിങ് കേന്ദ്രങ്ങള്‍ കൂടി തുടങ്ങും. തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത് എത്തി. ചെന്നൈയില്‍ നിന്നുള്ള അടുത്ത സംഘം ഇന്ന് വൈകിട്ടോടെ എത്തും.

ശബരിമല നട തുറന്ന് ആദ്യ ഒരു മണിക്കൂറില്‍ 4,165 പേര്‍ ദര്‍ശനം നടത്തിയിരുന്നു. ഒരു മിനിറ്റില്‍ ശരാശരി 69 പേര്‍ പടി കയറിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. പുലര്‍ച്ചെ നാല് മുതല്‍ അഞ്ച് വരെ 4,199 പേരാണ് ദര്‍ശനം നടത്തിയത്. അഞ്ച് മണി മുതല്‍ ആറ് മണി വരെ 3,861 പേര്‍ ദര്‍ശനം നടത്തി.

Content Highlight: Heavy rush for Sabarimala pilgrimage; additional restrictions in effect from today

dot image
To advertise here,contact us
dot image