

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് കയാദു ലോഹർ. തമിഴിലും, തെലുങ്കിലുമായെത്തിയ നടിയുടെ സിനിമകൾ എല്ലാം തന്നെ വൻ വിജയമായിരുന്നു. എന്നാൽ അടുത്തിടെ നടിയ്ക്ക് നേരെ നിരവധി വിവാദനാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാറിന്റെ മദ്യവില്‍പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇഡി അന്വേഷണത്തില്‍ കയാദു ലോഹറിന്റെ പേരും ഉള്‍പ്പെടുന്നു എന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയതായും ആരോപണമുണ്ട്. റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കയാദുവിനെതിരെ കനത്ത സൈബർ ആക്രമണവുമുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളിൽ പ്രതികരിച്ചിരിക്കുകയാണ് നടി.
‘നെഗറ്റിവ് കമന്റുകളെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ ഒരുപാട് നാളായി ഇതിനെക്കുറിച്ച് ആലോചിക്കുന്നു. എന്നെക്കുറിച്ചുള്ള വിവാദത്തെപ്പറ്റി സംസാരിച്ചേ പറ്റൂ. കുറേ കാലമായി ഞാൻ ഇതിന്റെ പേരിൽ ബുദ്ധിമുട്ടുന്നു. സത്യം പറഞ്ഞാൽ, സിനിമയുടെ യാതൊരു ബാക്ക്ഗ്രൗണ്ടുമില്ലാത്ത സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്. അതിനാൽ തന്നെ എല്ലാ കാര്യങ്ങളും എനിക്ക് പുതിയതാണ്. ആളുകൾ എന്നെക്കുറിച്ച് പറയുന്ന കാര്യങ്ങളെല്ലാം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്.
ആളുകൾ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെയാണല്ലോ ചിന്തിക്കുന്നത് എന്ന് ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം ഞാൻ ആലോചിക്കും. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം കമന്റുകള്‍ വായിക്കുമ്പോഴും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് കാണുമ്പോഴും എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് തോന്നും. ഞാന്‍ ഒന്നും ചെയ്തില്ലല്ലോ. നിങ്ങള്‍ എന്തിനാണ് എന്നെ ലക്ഷ്യംവയ്ക്കുന്നത്? ആളുകൾ നിരന്തരം സംസാരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഒരു ജോലിയാണ് ഞാൻ ചെയ്യുന്നത് എന്ന് എനിക്കറിയാം. പക്ഷെ എന്നെയത് വല്ലാതെ ബാധിക്കുന്നുണ്ട്.
ഈ പറഞ്ഞതിനർഥം ഇതെല്ലാം എന്നെ തകര്‍ക്കും എന്നല്ല. ഞാന്‍ എപ്പോഴും തലയുയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോവും, എന്റെ ജോലിചെയ്യും. എത്രയധികം വെറുപ്പ് എനിക്കെതിരെ വന്നാലും ഞാൻ നിർവികാരയായി അതിനെ സ്വീകരിക്കും. എനിക്ക് കിട്ടുന്ന സ്‌നേഹത്തോട് എന്നും കടപ്പാടുണ്ടാകും. ഞാൻ മുന്നോട്ടു തന്നെപോകും. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പോകാൻ കഴിയുന്നില്ല എന്ന് മാത്രമേയുള്ളൂ. ചിലപ്പോൾ ഞാന്‍ കരഞ്ഞേക്കാം, മോശം ദിവസങ്ങള്‍ ഉണ്ടായേക്കാം, എങ്കിലും ഞാന്‍ മുന്നോട്ടുതന്നെ പോകും. തോറ്റുകൊടുക്കാൻ തയാറല്ല.’കയാദു ലോഹർ പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
Content Highlights: Actress Kayadu Lohar responds to cyber attacks