

എമേർജിങ് ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ സെമിയിൽ. ടൂർണമെന്റിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തിൽ ഒമാനെ പരാജയപ്പെടുത്തിയാണ് നീലപ്പട ഏഷ്യാ കപ്പിന്റെ സെമി ഉറപ്പിച്ചത്. ബാറ്റിങ് ഓഡറിൽ നാലാം നമ്പറിലെത്തിയ ബൗളിങ് ഓൾറൗണ്ടർ ഹർഷ് ദുബെയുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ എ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വസീം അലിയുടെ അർധ സെഞ്ച്വറി (45 പന്തിൽ 54 റൺസ്), ക്യാപ്റ്റൻ ഹമദ് മിർസ 32 റൺസ് എന്നിവരുടെ മികവിലാണ് ഒമാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. ഇന്ത്യൻ ബൗളിങ് നിരയിൽ ഗുർജപനീത് സിങ്, സുയാഷ് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ഓപണർമാരായ പ്രിയാൻഷ് ആര്യ (10 റൺസ്), വൈഭവ് സൂര്യവംശി (12 റൺസ്) എന്നിവരെ വേഗത്തിൽ നഷ്ടമായി. പിന്നാലെ നമൻ ധിറിനൊപ്പം ക്രീസിലൊന്നിച്ച ഹർഷ് ദുബെ ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. നമൻ ധിർ 19 പന്തിൽ 30 റൺസെടുത്തും പിന്നാലെ നേഹൽ വധേര 24 പന്തിൽ 23 റൺസെടുത്തും പുറത്തായി.
44 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും സഹിതം 53 റൺസെടുത്ത ഹർഷ് ദുബെ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ജിതേഷ് പുറത്താകാതെ നാല് റൺസെടുത്ത് ദുബെയ്ക്കൊപ്പം ഇന്ത്യൻ വിജയത്തിൽ പങ്കാളിയായി. നേരത്തെ ടൂർണമെന്റിൽ യുഎഇയ്ക്കെതിരെ വിജയം നേടിയ ഇന്ത്യ എ പാകിസ്താനോട് തോൽവി നേരിട്ടിരുന്നു. സെമിയിൽ ഇന്ത്യയുടെ എതിരാളികളെ ഇന്ന് നടക്കുന്ന മത്സരങ്ങൾക്ക് ശേഷം അറിയാൻ കഴിയും. ഇന്ന് അഫ്ഗാനിസ്ഥാൻ എ ഹോങ്കോങ്ങിനെയും ശ്രീലങ്ക എ ബംഗ്ലാദേശിനെയും നേരിടും. ഹോങ്കോങ് ഒഴികെയുള്ള മൂന്ന് ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.
Content Highlights: Asia Cup Rising Stars: India A Qualify For Semifinals