പാകിസ്താനെ വിറപ്പിച്ച് സിംബാബ്‍വെ കീഴടങ്ങി; ത്രിരാഷ്ട്ര പരമ്പരയ്ക്ക് തുടക്കം

മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിൽ തകർന്നിരുന്നു

പാകിസ്താനെ വിറപ്പിച്ച് സിംബാബ്‍വെ കീഴടങ്ങി; ത്രിരാഷ്ട്ര പരമ്പരയ്ക്ക് തുടക്കം
dot image

ശ്രീലങ്ക, പാകിസ്താൻ, സിംബാബ്‍വെ ടീമുകൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കമായി. ആദ്യ മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ സിംബാബ്‍വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ തോൽവി നേരിട്ടെങ്കിലും പാകിസ്താനെതിരെ മികച്ച ക്രിക്കറ്റ് കളിച്ചതിന് ശേഷമാണ് സിംബാബ്‍വെ ടീം കീഴടങ്ങിയത്.

മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ ബ്രയാൻ ബെന്നറ്റ്, തടിവനാഷെ മരുമാനി എന്നിവർ സിംബാബ്‍വെയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 36 പന്തിൽ എട്ട് ഫോറുകളടക്കം ബെന്നറ്റ് 49 റൺസ് നേടി. 22 പന്തിൽ 30 റൺസാണ് മരുമാനിയുടെ സംഭാവന. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 72 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് വന്നവരിൽ ക്യാപ്റ്റൻ സിക്കന്ദർ റാസയ്ക്ക് മാത്രമാണ് സിംബാബ്‍വെ നിരയിൽ തിളങ്ങാൻ സാധിച്ചത്. 24 പന്തിൽ പുറത്താകാതെ സിംബാബ്‍വെ 34 റൺസ് നേടി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് സിംബാബ്‍വെയ്ക്ക് നേടാൻ സാധിച്ചത്.

മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിൽ തകർന്നിരുന്നു. ഫഖർ സമാന്റെയും 32 പന്തിൽ 44, ഉസ്മാൻ ഖാന്റെയും 28 പന്തിൽ പുറത്താകാതെ 37, മുഹമ്മദ് നവാസിന്റെയും 12 പന്തിൽ പുറത്താകാതെ 21 എന്നിങ്ങനെയുള്ള സംഭാവനകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.

ഫഖർ സമാൻ പുറത്താകുമ്പോൾ പാകിസ്താൻ സ്കോർ അഞ്ചിന് 115 എന്ന നിലയിലായിരുന്നു. പിന്നീട് 19-ാം ഓവറിൽ ബ്രാഡ് എവാൻസിന്റെ പന്തിൽ മുഹമ്മദ് നവാസിന്റെ ക്യാച്ച് ബ്രയാൻ ബെന്നറ്റ് വിട്ടുകളഞ്ഞത് സിംബാബ്‍വെയ്ക്ക് തിരിച്ചടിയായി. തൊട്ടടുത്ത പന്ത് നോബോൾ ആയതും പാക് നിരയുടെ സമ്മർദ്ദം കുറച്ചു. ഒടുവിൽ 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്താൻ പാകിസ്താന് കഴിഞ്ഞു. ത്രിരാഷ്ട്ര പരമ്പരയിൽ നാളെ നടക്കുന്ന മത്സരത്തിൽ സിംബാബ്‍വെ ശ്രീലങ്കയെ നേരിടും.

Content Highlights: Pakistan beats spirited Zimbabwe in opening match of T20I tri-series

dot image
To advertise here,contact us
dot image