

ജയറാം-ലാൽ എന്നിവർ പ്രധാനവേഷത്തിൽ എത്തി ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു വൺമാൻ ഷോ. ഷാഫിയുടെ ആദ്യചിത്രമായ വൺമാൻ ഷോ നിർമ്മിച്ചത് ഗിരീഷ് വൈക്കമായിരുന്നു. അക്കാലത്ത് സിനിമ വലിയ ഹിറ്റായിരുന്നു നേടിയിരുന്നതെന്നാണ് പലരും കരുതിയിരുന്നത്, എന്നാൽ സിനിമ തനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് പറയുകയാണ് ഗിരീഷ് വൈക്കം. അന്നത്തെ കാലത്ത് സിനിമയ്ക്ക് 1.84 കോടി ബഡ്ജറ്റ് ആയെന്നും സിനിമയുടെ ക്ലെെമാക്സ് രണ്ടാമത് എഡിറ്റ് ചെയ്തതാണ് നമ്മൾ കാണുന്നതെന്നും ഗിരീഷ് വൈക്കം പറഞ്ഞു. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'2001ലാണ് വൺമാൻ ഷോ ചെയ്യുന്നത്. തെങ്കാശിപ്പട്ടണം സിനിമ കഴിഞ്ഞിട്ടുള്ള പ്രൊജക്ട് ആയിരുന്നു വൺ മാൻ ഷോ. തെങ്കാശിപ്പട്ടണം ഹിറ്റായിരുന്നു. ഇതും റാഫി മെക്കാർട്ടിൻ തന്നെ എഴുതിയതാണ്. വിജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ഷാഫിയുടെ ആദ്യ സിനിമയാണ്. ഷാഫി ആദ്യമായി അസിസ്റ്റന്റ് ആയി വരുന്നത് ഞാൻ വർക്ക് ചെയ്ത ആദ്യത്തെ കൺമണി എന്ന സിനിമയിലാണ്. റാഫി ഒരു പടം അവന് വേണ്ടി എഴുതുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു. അവിടെ വെച്ച് തന്നെ ജയറാമിനോട് ചോദിക്കുകയും ഓക്കെ പറയുകയും ചെയ്തു. ആദ്യം ചതിക്കാത്ത ചന്തുവിന്റെ കഥയായിരുന്നു ചെയ്യാനിരുന്നത്.
അത് മാറി മറിഞ്ഞ് ഈ പ്രൊജക്ടിലേക്ക് വന്നതാണ്. വൺ മാൻ ഷോയുടെ കഥയോട് എനിക്ക് വലിയ താൽപര്യമില്ലായിരുന്നു. മാനസിക പ്രശ്നമുള്ള ഒരാളിൽ നിന്നുള്ള കോമഡി ആരാധകർ ആസ്വദിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. വൺ മാൻ ഷോ എനിക്ക് നഷ്ടമായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പടമാണ്. അന്നത്തെ കാലത്ത് അതിന് ബഡ്ജറ്റ് 1.84 കോടി രൂപയായിരുന്നു. എന്തിലും സത്യസന്ധമായി പോയില്ലെങ്കിൽ ദോഷമുണ്ടാകും.
ഒരു ഹീറോയുടെ താഴെ ക്യാരക്ടേർസ് നിന്നില്ലെങ്കിൽ പടത്തിന് വിജയമുണ്ടാകില്ല. ലാലിൻറെ വേഷം ജയറാമിന് മുകളിൽ പോകുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നു. മുകളിൽ പോകാൻ പാടില്ല. ക്ലെെമാക്സ് രണ്ടാമത് എഡിറ്റ് ചെയ്തതാണ് ഇപ്പോൾ നിങ്ങൾ കാണുന്നത്. റിലീസ് ചെയ്തപ്പോൾ ഇതായിരുന്നില്ല ക്ലെെമാക്സ്. എല്ലാവരും കൂടെയുള്ള ക്ലെെമാക്സ് മാറ്റി രണ്ടാമത് വെച്ചു. ഒരാഴ്ചയെടുത്തു എല്ലാം ചെയ്ത് വന്നപ്പോൾ. അപ്പോഴേക്കും പടത്തിനെ അത് ബാധിച്ചു,' ഗിരീഷ് വെക്കം പറഞ്ഞു.
Content Highlights: Producer says Shafi's one-man show is a financially disastrous film