'എസ്ഐആർ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം'; സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം

പ്രവാസികൾ ഉൾപ്പടെയുള്ള വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് സിപിഐഎം

'എസ്ഐആർ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം'; സുപ്രീംകോടതിയെ സമീപിച്ച് സിപിഐഎം
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും സിപിഐഎം ഹർജിയിൽ ആരോപിച്ചു.

ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയ്ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികൾ ഉൾപ്പടെയുള്ള വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും സിപിഐഎം ഹർജിയിൽ ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആർ നടപടി ബിഎൽഒമാരെ സമ്മർദത്തിലാക്കുന്നതാണെന്നും സിപിഐഎം പറയുന്നു.

അതേസമയം എസ്ഐആർ നടപടികൾ നിർത്തിവെയ്ക്കണമെന്നുള്ള ഹർജി പരിഗണിക്കണമെന്ന് സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാക്കും വരെ എസ്‌ഐആർ നടപടികൾ നിർത്തിവെക്കമമെന്നാണ് കേരളം ഹർജിയിൽ ആവശ്യപ്പെടുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളും ഒരേ സംവിധാനം തന്നെ നടപ്പാക്കിയാൽ അത് ഭരണ സംവിധാനത്തെ ബാധിക്കുമെന്നും രണ്ടും ഒരേ സമയം നടപ്പാക്കാൻ കഴിയില്ലെന്നും ചീഫ് സെക്രട്ടറി ഡോ എ ജയതിലക് നൽകിയ ഹർജിയിൽ പറയുന്നു.

എസ്‌ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും മുസ്‌ലിം ലീഗും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ഹർജികൾ സമർപ്പിച്ചത്. ഈ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെടും.

Content Highlights: CPIM moves supreme court against SIR

dot image
To advertise here,contact us
dot image