പ്ലാൻ ബിയുണ്ട്, പുതിയ സ്ഥാനാർത്ഥി നാളെയെന്ന് ഡിസിസി പ്രസിഡന്റ്; വിഎം വിനുവിനെ കോൺ​ഗ്രസ് അപമാനിച്ചെന്ന് സിപിഐഎം

ഹൈക്കോടതിയുടെ തീരുമാനം മാനിക്കുന്നുവെന്നും പ്രവീണ്‍ കുമാർ പറഞ്ഞു

പ്ലാൻ ബിയുണ്ട്, പുതിയ സ്ഥാനാർത്ഥി നാളെയെന്ന് ഡിസിസി പ്രസിഡന്റ്; വിഎം വിനുവിനെ കോൺ​ഗ്രസ് അപമാനിച്ചെന്ന് സിപിഐഎം
dot image

കോഴിക്കോട്: കോര്‍പ്പറേഷൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരുന്ന വി എം വിനുവിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെ പ്രതികരിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. ഹൈക്കോടതിയുടെ തീരുമാനം മാനിക്കുന്നുവെന്നും ഇതുകൊണ്ടൊന്നും രാഷ്ട്രീയ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വി എം വിനുവിന്റെ വോട്ട് പട്ടികയില്‍ ഇല്ല എന്നത് സത്യമാണ്. ഇത് ഒരു വിനുവിന്റെ മാത്രം കാര്യമല്ല.
ഒരു പാട് പേര്‍ക്ക് വോട്ടില്ല. എല്ലാവര്‍ക്കും വോട്ടുണ്ടാക്കാന്‍ പ്രവര്‍ത്തിക്കും. പ്ലാന്‍ ബിയുണ്ടെന്നും
പുതിയ സ്ഥാനാര്‍ത്ഥി നാളെ പ്രഖ്യാപിക്കുമെന്നും പ്രവീണ്‍ വ്യക്തമാക്കി.

ഇന്ന് കോര്‍ കമ്മിറ്റി ചേരും. നഗരസഭക്കെതിരായ പോരാട്ടത്തില്‍ പിന്നോട്ടില്ല. പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പാര്‍ട്ടി പരിശോധിക്കും. ഇത് ഞങ്ങള്‍ക്ക് പാഠമാകുമെന്ന് തിരിച്ചറിയുന്നു. വി എം വിനുവിന്റെ വോട്ട് ഉള്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം ബിഎല്‍ഒയ്ക്കും കോര്‍പ്പറേഷനുമാണ്. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

അതേസമയം, കോണ്‍ഗ്രസ് വിനുവിനെ അപമാനിച്ചുവെന്നും അതില്‍ വേദനയുണ്ടെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് പ്രതികരിച്ചു. ഇന്നലെ പറഞ്ഞ കാര്യം ശരിയെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. വിനു വോട്ട് ചെയ്തത് വേറെ വോട്ടര്‍ പട്ടികയിലാണ്. ഡിസിസി പ്രസിഡന്റ് അത് അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കാര്യങ്ങള്‍ വസ്തുതാപരമാണ്. കോണ്‍ഗ്രസ് നേരിട്ടത് കനത്ത തിരിച്ചടിയാണ്. കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇല്ലാതാവുകയാണ്. കമ്മറ്റികള്‍ക്ക് ഒരു പ്രസക്തിയും ഇല്ലാതായെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിഎം വിനു നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വിഎം വിനുവിനോട് ചോദിച്ചു.

'സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. എതിര്‍പ്പുണ്ടെങ്കില്‍ കമ്മീഷനെ അറിയിക്കൂ. വി എം വിനു മാധ്യമങ്ങളിലൂടെ വിവരങ്ങളൊന്നും അറിയാറില്ലേ. നിങ്ങളുടെ കഴിവുകേട് മുന്‍നിര്‍ത്തി മറ്റ് പാര്‍ട്ടികളെ കുറ്റപ്പെടുത്തരുത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് മുട്ടടയില്‍ അനുകൂല നിലപാട് എടുത്തത്.' ഹൈക്കോടതി വ്യക്തമാക്കി.

തന്നെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2020-21 ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടായിരുന്നു എന്നായിരുന്നു വി എന്‍ വിനു വാദിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനാല്‍ വോട്ടര്‍ പട്ടിക പരിശോധിച്ചില്ലെന്നും പാര്‍ട്ടി സമീപിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും വിനു ഹൈക്കോടതിയില്‍ പറഞ്ഞു. നോമിനേഷന്‍ നല്‍കാന്‍ തയ്യാറായപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് മനസിലായത്. ഉടന്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ സമീപിച്ചു. എന്നാല്‍ ഒന്നും ചെയ്യാനാവില്ല എന്നായിരുന്നു മറുപടി.

ജില്ലാ കളക്ടര്‍ക്കും അപ്പീല്‍ നല്‍കിയെങ്കിലും ഇതുവരെ തീരുമാനമെടുത്തില്ല. നോട്ടീസ് നല്‍കാതെയും തന്നെ കേള്‍ക്കാതെയുമാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമെന്നും വി എം വിനു ചൂണ്ടിക്കാട്ടിയിരുന്നു. വിനു കല്ലായി ഡിവിഷനില്‍നിന്നും വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്.

എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാല്‍ ഇതിന് തിരിച്ചടിയാകുന്നതായിരുന്നു വിനുവിന് വോട്ടില്ലെന്ന വിവരം. എന്നാല്‍ താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും വോട്ട് നീക്കം ചെയ്തതാണ് എന്നുമായിരുന്നു വിനുവിന്റെ വാദം. 2020ലെ പട്ടികയില്‍ വിനുവിന്റെ പേരില്ലെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനാണ് വിനു. പഠനകാലത്തുതന്നെ നാടകപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന വിനു പിന്നീട് സിനിമയിലെത്തി. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അടക്കം പതിനഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Content Highlights: CPIM says Congress insulted VM Vinu

dot image
To advertise here,contact us
dot image