പീരീഡ് ഡ്രാമകളിൽ പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന നടൻ;'കാന്ത'ക്കൊപ്പം ചർച്ചയായി ദുൽഖറിന്റെ റെട്രോ നായക വേഷങ്ങൾ

കാന്തക്കൊപ്പം ചർച്ചയായി ദുൽഖറിന്റെ റെട്രോ നായക വേഷങ്ങൾ

പീരീഡ് ഡ്രാമകളിൽ പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന നടൻ;'കാന്ത'ക്കൊപ്പം ചർച്ചയായി ദുൽഖറിന്റെ റെട്രോ നായക വേഷങ്ങൾ
dot image

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ "കാന്ത" പ്രേക്ഷകരുടെ ഇടയിലും നിരൂപകരുടെ ഇടയിലും വലിയ ചർച്ചയായി വിജയ കുതിപ്പ് തുടരുമ്പോൾ, ദുൽഖർ സൽമാന്റെ പ്രകടനവും ഒട്ടേറെ വായനകൾക്ക് വിധേയമാവുകയാണ്. ടി കെ മഹാദേവൻ എന്ന കഥാപാത്രമായി ദുൽഖർ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുമ്പോൾ പഠനവിധേയമാകുന്നത് ദുൽഖർ തന്റെ കരിയറിൽ അഭിനയിച്ച പീരീഡ് ഡ്രാമകളിലെ നായക കഥാപാത്രങ്ങളാണ്. കഴിഞ്ഞു പോയ കാലത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകരുമ്പോൾ ഈ നടൻ അതിന് നൽകുന്ന വിശ്വസനീയതയും കയ്യടക്കവും എടുത്തു പറയേണ്ടതാണ്.

2014 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തു വന്ന "ഞാൻ" എന്ന ചിത്രത്തിലാണ് ദുൽഖറിനെ ആദ്യമായി ഒരു പീരീഡ് ഡ്രാമയിൽ നായകനായി കണ്ടത്. അതിലെ കെ ടി എൻ കോട്ടൂർ, രവി ചന്ദ്രശേഖർ എന്നീ വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെ അതിമനോഹരമായി തന്നെ ദുൽഖർ പകർന്നാടി. സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരവും വിപ്ലവകാരിയുമായിരുന്ന കെ ടി എൻ കോട്ടൂരിന് ദുൽഖർ നൽകിയ ശരീര ഭാഷ ഏറെ ശ്രദ്ധേയമായിരുന്നു. വെറും മുപ്പത് വയസ്സ് മാത്രമുള്ളപ്പോൾ ആണ് ആ സങ്കീർണ്ണമായ കഥാപാത്രത്തിന് ദുൽഖർ ജീവൻ പകർന്നത് എന്നതും എടുത്തു പറയേണ്ടതാണ്.

Dulquer Salmaan

2018 ൽ എത്തിയ തെലുങ്ക് ചിത്രം 'മഹാനടി'യിൽ ജമിനി ഗണേശൻ ആയി ദുൽഖർ കാഴ്ച്ചവെച്ചതും അമ്പരപ്പിക്കുന്ന പ്രകടനമാണ്. ബയോഗ്രഫിക്കൽ ഡ്രാമ കൂടിയായ ചിത്രത്തിൽ ജമിനി ഗണേശൻ എന്ന നടനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ദുൽഖർ സ്‌ക്രീനിൽ തിളങ്ങിയപ്പോൾ, നായികാ പ്രാധാന്യമുള്ള ചിത്രമായിട്ടു കൂടി, അതിൽ ദുൽഖർ നേടിയ പ്രശംസക്ക് കണക്കില്ല. 1960 - 70 കാലഘട്ടത്തിലെ സിനിമാ താരമായാണ് ദുൽഖർ വെള്ളിത്തിരയിൽ ജീവിച്ചു കാണിച്ചത്. ശേഷം, 2021 ൽ എത്തിയ മലയാള ചിത്രം കുറുപ്പിൽ സുകുമാര കുറുപ്പ് ആയും, 2022 ലെ തെലുങ്ക് ചിത്രം 'സീതാരാമ'ത്തിലെ ലെഫ്റ്റനന്റ് റാം ആയും, കഴിഞ്ഞ വർഷമെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറി'ലെ ബാങ്ക് മാനേജർ ഭാസ്കർ കുമാർ ആയും ദുൽഖർ നടത്തിയത് ഒരേ സമയം ജനപ്രിയവും നിരൂപക പ്രശംസയും നേടിയ പ്രകടനങ്ങൾ.

Dulquer Salmaan

ഇപ്പോൾ 'കാന്ത'യിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായി ദുൽഖർ കയ്യടി നേടുമ്പോൾ, പീരീഡ് ചിത്രങ്ങളിലെ ഈ നടന്റെ നായക കഥാപാത്രങ്ങളും അവയുടെ പൂർണ്ണതയും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾ സൃഷ്ടിക്കുകയാണ്. എന്ത് കൊണ്ടാണ് ഇത്തരം കഥാപാത്രങ്ങൾ ദുൽഖറിന്റെ കയ്യിൽ ഭദ്രമാകുന്നത് എന്നതാണ് ചർച്ചകളുടെ ഏറ്റവും പ്രസക്തമായ ഭാഗം. ഇത്തരം കഥാപാത്രങ്ങൾക്ക് ജീവൻ പകരുമ്പോൾ, അവയെ വിശ്വനീയമാക്കാൻ ഒരു നടൻ കൊണ്ട് വരേണ്ട അച്ചടക്കം, ശരീര ഭാഷ, മാനറിസങ്ങൾ എന്നിവയെല്ലാം അതിസൂക്ഷ്മമമായാണ് ദുൽഖർ തന്റെ കഥാപാത്രങ്ങൾക്ക് നൽകുന്നത്. അതിന് വേണ്ടി കഠിനമായ പരിശ്രമം എടുക്കുമ്പോൾ തന്നെ, അത് പ്രേക്ഷകർക്ക് ഫീൽ ചെയ്യാത്ത തരത്തിൽ സ്വാഭാവികമായും, അനായാസമായും സ്‌ക്രീനിലെത്തിക്കാനും ദുൽഖർ സൽമാൻ എന്ന നടന് സാധിക്കുന്നു. കാന്തയുടെ ട്രെയ്‌ലർ ലോഞ്ചിൽ റാണ ദഗ്ഗുബതി പറഞ്ഞത് പോലെ, തെന്നിന്ത്യൻ സിനിമയിൽ ഇന്ന് ഒരു പീരീഡ് ഡ്രാമ ഒരുക്കുമ്പോൾ നായകനായി ഏതൊരു സംവിധായകന്റെയും മനസ്സിൽ തെളിയുന്ന ആദ്യ മുഖമായി ദുൽഖർ മാറുന്നു എന്നത്, അയാൾ ഇത്തരം കഥാപാത്രങ്ങൾക്ക് നൽകുന്ന പൂർണ്ണതക്കും വിശ്വസനീയതക്കും കൂടി ലഭിക്കുന്ന അംഗീകാരമാണ്.

kaantha movie

മലയാളത്തിലും, തമിഴിലും തെലുങ്കിലും ആയി വ്യത്യസ്ത ഭാഷകളിലാണ് ദുൽഖർ ഈ മികവ് പ്രകടിപ്പിക്കുന്നത് എന്നതും അമ്പരപ്പിക്കുന്ന വസ്തുതയാണ്. ഓരോ ഭാഷയും അവിടുത്തെ സംസ്കാരവും അവിടുത്തെ ആളുകളുടെ ശരീര ഭാഷയും വരെ മറ്റൊന്നിൽ നിന്ന് വളരെയധികം വ്യത്യസ്തമാണെന്നിരിക്കെ, അതിനെയെല്ലാം ഒരു നടൻ അനായാസമായി അവതരിപ്പിച്ചു ഫലിപ്പിക്കുന്നു എന്നത്, ആ നടന്റെ അസാമാന്യ പ്രതിഭയും തന്റെ ജോലിയോട് നീതി പുലർത്താനുള്ള കഠിനമായ പരിശ്രമവുമാണ് കാണിച്ചു തരുന്നത്. പ്രേക്ഷക ലക്ഷങ്ങളുടെ കയ്യടിയും അഭിനന്ദനവും ഏറ്റു വാങ്ങി 'കാന്ത'യും മുന്നോട്ടു കുതിക്കുമ്പോൾ, ദുൽഖർ സൽമാൻ ഒരു നടനെന്ന നിലയിൽ തന്റേതായ ഒരു സിംഹാസനമാണ് ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ചിരിക്കുന്നത്.

Dulquer Salmaan

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് 'കാന്ത' നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്. 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ സമുദ്രക്കനി, റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ - ശ്രാവൺ പലപർത്തി.

Content Highlights: Dulquer's retro lead roles are a topic of discussion

dot image
To advertise here,contact us
dot image