'പഞ്ചായത്ത് വാർഡിൽ തോറ്റുപോയ ആളാണ് ഞാൻ, അത് തുറന്നു പറയുന്നതിൽ കുറവ് കാണാത്ത ആളും'; ജനവിധി തേടാൻ ജിന്‍റോ

ജനാധിപത്യ രാഷ്ട്രീയം പറഞ്ഞുകൊണ്ടുതന്നെ മത്സരരംഗത്തുണ്ടാകുമെന്ന് ജിൻ്റോ ജോൺ

'പഞ്ചായത്ത് വാർഡിൽ തോറ്റുപോയ ആളാണ് ഞാൻ, അത് തുറന്നു പറയുന്നതിൽ കുറവ് കാണാത്ത ആളും'; ജനവിധി തേടാൻ ജിന്‍റോ
dot image

എറണാകുളം: പഞ്ചായത്ത് വാർഡിൽ തോറ്റുപോയ ഒരാളാണ് താനെന്നും അത് തുറന്നു പറയുന്നതിൽ കുറവ് കാണാത്ത ആളാണെന്നും എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ജനാധിപത്യ രാഷ്ട്രീയം പറഞ്ഞുകൊണ്ടുതന്നെ മത്സരരംഗത്തുണ്ടാകും എന്ന് ജിന്റോ പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തിലെ തുറവൂർ ഡിവിഷനിൽനിന്നാണ് ജിന്റോ മത്സരിക്കുന്നത്.

'രണ്ടര പതിറ്റാണ്ടോളമായുള്ള സംഘടന പ്രവർത്തനവും ചാനൽ ചർച്ചയിലെ ഇടപെടലും തെരുവ് പ്രസംഗങ്ങളും സമരവും ജയിൽവാസവും മാത്രം പോരല്ലോ, ജനാംഗീകാരം കൂടി വേണമല്ലോ. അല്ലെങ്കിൽ ചാപ്പ കുത്തലുകാർക്ക് പണിയെളുപ്പം കിട്ടുമല്ലോ. കാരണം പഞ്ചായത്ത് വാർഡിൽ തോറ്റുപോയ ഒരാളാണ് ഞാൻ. അത് തുറന്നു പറയുന്നതിൽ കുറവ് കാണാത്ത ആളുമാണ്.' എന്ന് ജിന്റോ കുറിപ്പിൽ പറയുന്നു.

'പ്രായത്തിലും പാർട്ടിപ്രവർത്തന പരിചയത്തിലും മുതിർന്നവരായ പലർക്കും ആഗ്രഹവും അർഹതയുമുണ്ടായ അവസരമാണ് എനിക്ക് ലഭിച്ചത്. വിജയിക്കുന്നവരെല്ലാം നല്ല വ്യക്തികളാണെന്നോ പരാജയപ്പെടുന്നവരെല്ലാം മോശക്കാരാണെന്നോ ഉള്ള തെറ്റിദ്ധാരണകൾ ശീലമില്ലാത്തത് കൊണ്ട് എനിക്കെന്റെ ശരികൾ കൊണ്ട് വിഷയങ്ങളെ അഭിമുഖീകരിക്കാനാണ് ഇഷ്ടം. അല്ലെങ്കിലും തോറ്റവരേക്കാൾ നന്നായി വിജയത്തിന്റെ ശരികൾ നിർണ്ണയിക്കാൻ ആർക്ക് കഴിയും. ജയിക്കാൻ വേണ്ടി നീതി നിഷേധത്തിന്റെ മാർഗങ്ങൾ ശീലമില്ലാത്ത പോഴനെന്ന് ചില കൂട്ടുകാർ കളിയാക്കിയപ്പോഴും എനിക്കിഷ്ടം എന്റെ പോഴത്തരത്തെ, സാമാന്യനീതിയുടെ വ്യക്തിപരമായ ശരി ബോധത്തോടൊപ്പം നിൽക്കാനാണ്' ജിന്റോ പറയുന്നു. കൂടെ നിന്ന് എല്ലാവരും കരുത്ത് പകരണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ജിന്റോയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം….

ഈ തിരക്കിനിടയിൽ മത്സരിക്കാൻ നമ്മളും ഉണ്ട്‌ട്ടോ. ഇക്കാലമത്രയും പറഞ്ഞും ജീവിച്ചും പോന്ന കോൺഗ്രസ് സ്ഥാനാർത്ഥിയായി.. മതേതര ജനാധിപത്യ രാഷ്ട്രീയം പറഞ്ഞുകൊണ്ട് തന്നെ മത്സരിക്കുന്നു… എറണാകുളം ജില്ലാ പഞ്ചായത്തിലെ തുറവൂർ ഡിവിഷനിൽ നിന്നും. നമ്മുടെ പരിചയക്കാരോടും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒന്ന് പറഞ്ഞേക്കണേ. പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളിൽ ഓർത്തേക്കണം. കുറവുകൾ ചൂണ്ടിക്കാണിച്ച് തിരുത്തി തരണം. നമ്മളെ മറക്കുന്ന സർക്കാരുകൾക്കെതിരെ, ജനദ്രോഹത്തെ മഹത്വവത്ക്കരിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ സന്ധിയില്ലാത്ത സമരങ്ങളിൽ നമ്മൾ ജയിക്കണമെങ്കിൽ, സാധാരണക്കാരുടെ സങ്കട കാരണങ്ങളിൽ സത്യമുണ്ടെന്ന് ഭരണകൂടത്തെ ബോധ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് ജയം അനിവാര്യമാണ്. പൊതുജനഹിതം മറക്കുന്നവർക്ക് കിട്ടുന്ന തുടർഭരണങ്ങൾ സകല തോന്നിവാസങ്ങൾക്കും സാധാരണക്കാരെ കൊള്ളയടിക്കാനുമുള്ള ലൈസൻസായി കാണുന്നവർക്കുള്ള താക്കീതാക്കണം ഈ തിരഞ്ഞെടുപ്പ് വിജയം… അതെന്റേത് മാത്രമാകരുത്, സകല സാധാരണക്കാരുടേയും ചെറുത്ത് നിൽപ്പിന്റെ പോരാട്ട വിജയമാകണം. നന്മ വറ്റാത്ത മുഴുവൻ മനുഷ്യർക്കും പരസ്പരം കൈകോർത്ത് പിടിച്ച് നിൽക്കാനൊരു തണലിടമാകണം ജിന്റോ ജോൺ… കൂടെ നിന്ന് കരുത്ത് പകരണം

പിൻകുറിപ്പ്: എന്നേക്കാൾ പ്രായത്തിലും പാർട്ടിപ്രവർത്തന പരിചയത്തിലും മുതിർന്നവരായ പലർക്കും ആഗ്രഹവും അർഹതയുമുണ്ടായ അവസരമാണ് ലഭിച്ചത്. എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായ, ഹൃദയത്തിൽ അത്രമേൽ അലിഞ്ഞു ചേർന്ന കോൺഗ്രസ് പാർട്ടി എനിക്ക് തന്ന ഈ അവസരം എന്നോടുള്ള കരുതൽ കൂടിയാണ്. എന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന പലരും സംശയിച്ച പോലെ വ്യക്തിപരമായി ഒതുക്കാനല്ല, ചേർത്തുപിടിക്കാനാണ് ഈ സ്ഥാനാർത്ഥിത്വം നൽകിയത്. രണ്ടര പതിറ്റാണ്ടോളമായുള്ള സംഘടന പ്രവർത്തനവും ചാനൽ ചർച്ചയിലെ ഇടപെടലും തെരുവ് പ്രസംഗങ്ങളും സമരവും ജയിൽവാസവും മാത്രം പോരല്ലോ, ജനാംഗീകാരം കൂടി വേണമല്ലോ. അല്ലെങ്കിൽ ചാപ്പ കുത്തലുകൾകാർക്ക് പണിയെളുപ്പം കിട്ടുമല്ലോ. കാരണം പഞ്ചായത്ത് വാർഡിൽ തോറ്റുപോയ ഒരാളാണ് ഞാൻ. അത് തുറന്നു പറയുന്നതിൽ കുറവ് കാണാത്ത ആളുമാണ്. ഒരാൾ വാർഡിൽ തോൽക്കുന്നതിനും ജയിക്കുന്നതിനും പല കാരണങ്ങൾ ഉണ്ടാകുമല്ലോ. വിജയിക്കുന്നവരെല്ലാം നല്ല വ്യക്തികളാണെന്നോ പരാജയപ്പെടുന്നവരെല്ലാം മോശക്കാരാണെന്നോ ഉള്ള തെറ്റിദ്ധാരണകൾ ശീലമില്ലാത്തത് കൊണ്ട് എനിക്കെന്റെ ശരികൾ കൊണ്ട് വിഷയങ്ങളെ അഭിമുഖീകരിക്കാൻ ആണിഷ്ടം. അല്ലെങ്കിലും തോറ്റവരേക്കാൾ നന്നായി വിജയത്തിന്റെ ശരികൾ നിർണ്ണയിക്കാൻ ആർക്ക് കഴിയും… ജയിക്കാൻ വേണ്ടി നീതി നിഷേധത്തിന്റെ മാർഗ്ഗങ്ങൾ ശീലമില്ലാത്ത പോഴനെന്ന് ചില കൂട്ടുകാർ കളിയാക്കിയപ്പോഴും എനിക്കിഷ്ടം എന്റെ പോഴത്തരത്തെ, സാമാന്യനീതിയുടെ വ്യക്തിപരമായ ശരി ബോധത്തോടൊപ്പം നിൽക്കാനാണ്.
എന്റെ പ്രിയപ്പെട്ട ഗുരുനാഥരിൽ ഒരാളായ ബോബിയച്ചന്റെ പുസ്തകം 'ആനന്ദം' വായന പകുതി ആയപ്പോഴാണ് ഈ സ്ഥാനാർത്ഥിത്വം അറിഞ്ഞത്… ആനന്ദം നമ്മുടെ തന്നെ സൃഷ്ടിയാണല്ലോ..

Content Highlights: Congress leader Jinto John candidate for ernakulam district panchayath

dot image
To advertise here,contact us
dot image