സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ് സ്ഥാനാർത്ഥി; പത്തനംതിട്ട പളളിക്കൽ ഡിവിഷനിൽ നിന്ന് ജനവിധി തേടും

ഇന്ന് രാവിലെയാണ് ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്

സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ് സ്ഥാനാർത്ഥി; പത്തനംതിട്ട പളളിക്കൽ ഡിവിഷനിൽ നിന്ന് ജനവിധി തേടും
dot image

പത്തനംതിട്ട: സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പത്തനംതിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ട പളളിക്കല്‍ ഡിവിഷനില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശ്രീനാദേവി ജനവിധി തേടുക. ഇന്ന് രാവിലെയാണ് ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ പളളിക്കല്‍ ഡിവിഷനിലെ സിപിഐ പ്രതിനിധിയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയാണ് ശ്രീനാദേവി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുമുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

അധികാരമല്ല ആദര്‍ശമാണ് വലുതെന്ന് സിപിഐ വിട്ടതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചിരുന്നു. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും സിപിഐ നേതൃത്വത്തിലുളള വിശ്വാസം നഷ്ടമായെന്നും അവര്‍ പറഞ്ഞു. നവംബർ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടു എന്നും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുന്നു എന്നുമായിരുന്നു ശ്രീനാദേവി രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്.

നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായും ഒട്ടനവധി പരാതികൾ സംസ്ഥാന നേതൃത്വത്തിന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇവർ പറഞ്ഞിരുന്നു. ഏറെക്കാലമായി പാർട്ടി നേതൃത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്ന ഇവർ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടായിരുന്നു സിപിഐ കൈക്കൊണ്ടത്.

ശ്രീനാദേവിക്ക് ഇപ്പോൾ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പാർട്ടിയുടെ പേരിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നുമായിരുന്നു സിപിഐയുടെ പ്രതികരണം. ശ്രീനാദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും സിപിഐ നേതൃത്വം പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു, ചില മാധ്യമങ്ങൾ തന്നെ ഇരയാക്കാൻ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളായിരുന്നു ശ്രീനാദേവി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ശ്രീനാദേവി പറഞ്ഞിരുന്നു.

Content Highlights: Sreenadevi Kunjamma who left cpi is Congress candidate in Pathanamthitta Pallikal Division

dot image
To advertise here,contact us
dot image