

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജനെതിരെ ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. നാലാം ക്ലാസുകാരിയെ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചെന്ന കേസിൽ പോക്‌സോ വകുപ്പുകൾ പ്രകാരം 40 വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഈ ശിക്ഷാവിധിയിലാണ് തലശേരി പോക്‌സോ കോടതിയുടെ നിരീക്ഷണം.
കുട്ടികളുടെ രക്ഷിതാവായ അധ്യാപകനിൽനിന്നാണ് പീഡനം ഉണ്ടായത്. അധ്യാപകൻ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് ഗുരു സങ്കൽപ്പത്തിന് വിരുദ്ധമാണെന്നും കോടതി പറയുന്നു. അധ്യാപകരുടെയും ക്ലാസ് മുറിയുടെയും പവിത്രതയെ ബാധിക്കുന്നതാണ് കുറ്റകൃത്യം. പത്മരാജന് മതിയായ ശിക്ഷ നൽകിയില്ലെങ്കിൽ ക്രിമിനലുകൾക്ക് അത് പ്രേരണയാകും. പീഡനത്തിനിരയായ പെൺകുട്ടിയുടെ നീതി തേടിയുള്ള ഉച്ചത്തിലുള്ള നിലവിളി കോടതി കേൾക്കണമെന്നും വിധിയിൽ പരാമർശിക്കുന്നുണ്ട്.
മാതാ പിതാ ഗുരു ദൈവം എന്ന് പഠിപ്പിക്കേണ്ടവരാണ് അധ്യാപകർ. അധ്യാപനമെന്നാൽ വെറുമൊരു ജോലിയല്ല, പവിത്രമായ വിശ്വാസം കൂടിയാണത്. വിശുദ്ധമായ മനസിന്റെ ഉടമകളാവണം അധ്യാപകർ എന്നും വിചാരണക്കോടതി പറയുന്നു. നഷ്ടപ്പെട്ട അച്ഛനെയും ദൈവത്തെയും പോലെ കണ്ട അധ്യാപകനിൽ നിന്നാണ് വിദ്യാർത്ഥിനി പീഡനം നേരിട്ടത്. മതിയായ ശിക്ഷയിൽ കുറഞ്ഞതൊന്നും പത്മരാജൻ അർഹിക്കുന്നില്ല. ബലാത്സംഗക്കേസിലെ പ്രതികളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നും ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ അനിവാര്യമെന്നും കോടതി നിരീക്ഷിച്ചു.
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകൻ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാർച്ച് 17നാണ് യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളിൽ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
2021ൽ ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകർ എന്നിവരുൾപ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.
Content Highlights: Palathayi Case; court made serious observations against accused K Padmarajan