'ജോലി ചെയ്യുന്നില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യണം'; സമ്മർദം ചെലുത്തി ജില്ലാ കളക്ടർ; വീഡിയോ പുറത്ത്

പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജിന്‍റെ മരണത്തിന് കാരണം ജോലി സമ്മർദമെന്ന് ആരോപണം

'ജോലി ചെയ്യുന്നില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യണം'; സമ്മർദം ചെലുത്തി ജില്ലാ കളക്ടർ; വീഡിയോ പുറത്ത്
dot image

കോഴിക്കോട്: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ(എസ്‌ഐആർ)വുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാർ(ബിഎൽഒ) നേരിടുന്നത് കടുത്ത സമ്മർദമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിങ് വിളിച്ചുചേർത്ത എസ്‌ഐആർ അവലോകന യോഗത്തിൽ സമ്മർദം ചെലുത്തുംവിധം സംസാരിക്കുന്ന വീഡിയോ റിപ്പോർട്ടറിന് ലഭിച്ചു.

ജോലി ചെയ്യുന്നില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യണം ഇല്ലെങ്കിൽ കടുത്ത നടപടിയായി ടെർമിനേറ്റ് ചെയ്യണമെന്ന് യോഗത്തിൽ ജില്ലാ കളക്ടർ പറയുന്നുണ്ട്. സൂപ്പർവൈസർമാർ ഓരോ മണിക്കൂർ ഇടവിട്ട് ബിഎൽഒമാരെ വിളിക്കണം. എവിടെയാണ് എന്താണ് എന്നെല്ലാം അന്വേഷിക്കണമെന്നും കളക്ടർ പറയുന്നുണ്ട്. ആരൊക്കെയാണ് ജോലി ചെയ്യാത്ത ബിഎൽഒമാർ, അവരുടെ ലിസ്റ്റ് തരൂ, അവരെ ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്യാം അല്ലെങ്കിൽ ടെർമിനേറ്റ് ചെയ്യാം എന്നാണ് കളക്ടർ പറയുന്നത്.

അതേസമയം അധിക ജോലിഭാരവും സമ്മർദവുമാണ് ബിഎൽഒമാർ നേരിടുന്നതെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ പ്രതികരണങ്ങളാണ് ഇതിനോടകം പുറത്തുവരുന്നത്. വോട്ടർമാരുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ എൻട്രിചെയ്യാനുള്ള ഉത്തരവും സമയപരിധി വർധിപ്പിച്ചതും സമ്മർദം ഇരട്ടിയാക്കിയെന്ന് ബിഎൽഒമാർ പറയുന്നു.

കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത് ജോലി സമ്മർദത്താലാണ് എന്നാണ് നിഗമനം. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളിൽ അദ്ദേഹത്തിന് സമ്മർദമുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജിനെയാണ് ഇന്ന് രാവിലെ വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ജോലിയിലെ മാനസിക സമ്മര്‍ദ്ദത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി എഫ്‌ഐആറിൽ പറയുന്നു. എന്യൂമറേഷന്‍ ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി. അനീഷ് ഈ വര്‍ഷമാണ് പുതുതായി ബിഎല്‍ഒ ആയി ചുമതലയേറ്റത്.

അതേസമയം അനീഷിന്റെ ആത്മഹത്യയില്‍ നാളെ പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജോയിന്റ് കൗണ്‍സില്‍. നാളെ എല്ലാ കളക്ടറേറ്റിലും പ്രതിഷേധം നടത്താനാണ് തീരുമാനം.

Content Highlights: BLO officers facing stress; Compelling video of collector

dot image
To advertise here,contact us
dot image