പാർട്ടി പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാനുളള ഉത്തരവാദിത്തം കൂടി പാർട്ടിക്കുണ്ട്: കെ എസ് ശബരീനാഥന്‍

'കോര്‍പ്പറേഷന്‍ പിടിക്കാന്‍ വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ബിജെപി നേതൃത്വം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാനും മനസ് കാണിക്കണം'

പാർട്ടി പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാനുളള ഉത്തരവാദിത്തം കൂടി പാർട്ടിക്കുണ്ട്: കെ എസ് ശബരീനാഥന്‍
dot image

തിരുവനന്തപുരം: തിരുമല സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരത്തെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്‍. ആനന്ദിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായാലും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ശബരീനാഥന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ പിടിക്കാന്‍ വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ബിജെപി നേതൃത്വം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാനും അവരോടൊപ്പം നില്‍ക്കാനുമുളള മനസ് കൂടി കാണിക്കണമെന്നും പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കാനുളള ഉത്തരവാദിത്തം കൂടി പാര്‍ട്ടിക്കുണ്ടെന്നും ശബരീനാഥന്‍ പറഞ്ഞു.

'ബിജെപിയില്‍ തിരുവനന്തപുരത്തെ ഒരു പ്രദേശത്ത് തന്നെ ഒന്നര മാസത്തിനുളളില്‍ രണ്ടാമത്തെ ആത്മഹത്യയാണിത്. തിരുമല അനിലിന്റെ ആത്മഹത്യ രാഷ്ട്രീയഭേദമന്യേ എന്നെ ഉലച്ചതാണ്. ഇപ്പോഴിതാ ആ പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകൻ ജീവനൊടുക്കിയിരിക്കുന്നു. എനിക്ക് ബിജെപി നേതൃത്വത്തോട് പറയാനുളളത്, നിങ്ങള്‍ക്ക് അധികാര വടംവലിയും പ്രശ്‌നങ്ങളും ഗ്രൂപ്പിസവുമാകാം. പക്ഷെ നിങ്ങളുടെ പാര്‍ട്ടിക്കാരുടെ ജീവന്‍ സംരക്ഷിക്കുക എന്നതും ജീവന്‍ നിലനിര്‍ത്തുക എന്നതും നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഹൈടെക് പാര്‍ട്ടിയായി കോര്‍പ്പറേഷന്‍ പിടിക്കാന്‍ വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ബിജെപി നേതൃത്വം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാനും അവരോടൊപ്പം നില്‍ക്കാനുമുളള മനസ് കൂടി കാണിക്കണം. നിങ്ങളുടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കാരണം ഇവിടെ ജീവനുകള്‍ ഹോമിക്കപ്പെടുകയാണ്. ആളുകള്‍ മരണപ്പെടുകയാണ്. ആ ജീവിതം സംരക്ഷിക്കാനുളള ഉത്തരവാദിത്തം കൂടി പാര്‍ട്ടിക്കുണ്ട്. അത് ചെയ്യാതെ അധികാരത്തിനും കോടികളുടെയും പുറകേ പോയാല്‍ ഇനിയും ഇതുപോലെ ആത്മഹത്യകള്‍ ഉണ്ടാകുമോ എന്ന ഭയമുണ്ട്. പാര്‍ട്ടി തെറ്റ് തിരുത്തി അവരുടെ പാര്‍ട്ടിക്കാര്‍ക്ക് സംരക്ഷണം ഒരുക്കണം. നിങ്ങളുടെ പാര്‍ട്ടിക്കാര്‍ കൂടുതല്‍ ആത്മഹത്യ ചെയ്യാതെ അവരുടെ ജീവന്‍ സംരക്ഷണം നിങ്ങള്‍ തന്നെ നല്‍കണമെന്ന് രാജീവ് ചന്ദ്രശേഖറിനോട് അഭ്യര്‍ത്ഥിക്കുകയാണ്': കെ എസ് ശബരീനാഥന്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് ആനന്ദ് തിരുമല ജീവനൊടുക്കിയത്. ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.

Content Highlights: 'The party also has a responsibility to protect the lives of party workers': KS Sabarinathan

dot image
To advertise here,contact us
dot image