കാളക്കൂറ്റന്റെ പുറത്തേറി മഹേഷ് ബാബു; രാജമൗലി ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

ടെെറ്റില്‍ ലോഞ്ച് ഇവന്‍റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്.

കാളക്കൂറ്റന്റെ പുറത്തേറി മഹേഷ് ബാബു; രാജമൗലി ചിത്രത്തിന്റെ പേര് പുറത്തുവിട്ടു
dot image

മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പേര് പുറത്ത്. വാരണാസി എന്നാണ് ചിത്രത്തിന്റെ പേര്. ഗ്ലോബ്‌ട്രോട്ടർ എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ യഥാർത്ഥ പേര് ഇന്ന് ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പേരോ പോസ്റ്ററോ പുറത്തുവന്നിട്ടില്ലെങ്കിലും പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. രാമോജി ഫിലിം സിറ്റിയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ഇതിൽ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ ചിത്രത്തിന്റെ പേര് സ്ഥിരീകരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പൃഥ്വിരാജിന്റെയും പ്രിയങ്ക ചോപ്രയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇരു പോസ്റ്ററുകൾക്കും ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നെങ്കിലും ആരാധകർ ഏറ്റെടുത്തിരുന്നു.

varanasi movie pic

ഇപ്പോൾ മഹേഷ് ബാബുവിന്റെ ക്യാരക്ടർ ലുക്കിനൊപ്പമാണ് ചിത്രത്തിന്റെ പേരും പുറത്തുവിട്ടിരിക്കുന്നത്. മഹേഷ് ബാബുവിന്റെ കഥാപാത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും വൈകാതെ അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടും എന്നാണ് കരുതുന്നത്.

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആർ ആർ ആർ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയിൽ ആഗോളതലത്തിൽ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടൻ നടത്തിയ ബോഡി ട്രാൻസ്‌ഫോർമേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു.

എം എം കീരവാണിയുടെ സംഗീതത്തിൽ ശ്രുതി ഹാസൻ ആലപിച്ച ഗാനം അടുത്തിടെ പുറത്തുവന്നിരുന്നു.

ഗ്ലോബ്‌ട്രോട്ടർ എന്ന ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Content Highlights: Mahesh Babu - Rajamouli movie's title announced at SSMB29 GlobeTrotter event

dot image
To advertise here,contact us
dot image