സ്വതന്ത്ര സ്ഥാനാർത്ഥിയായതിന് പിന്നാലെ ആനന്ദിനെതിരെ ഭീഷണി ഉയർന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം: വി ജോയ്

തന്റെ മൃതശരീരം ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത് എന്ന് പറയണമെങ്കില്‍ ആനന്ദിന് എത്രത്തോളം മനോവിഷമം ഉണ്ടായിക്കാണുമെന്നും വി ജോയ്

സ്വതന്ത്ര സ്ഥാനാർത്ഥിയായതിന് പിന്നാലെ ആനന്ദിനെതിരെ ഭീഷണി ഉയർന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം: വി ജോയ്
dot image

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തിരുമല സ്വദേശി ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ. ബിജെപി സീറ്റ് നല്‍കാത്തതുകൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയ ആനന്ദിനെ കഴിഞ്ഞ ദിവസങ്ങളില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് വി ജോയ് പറഞ്ഞു. തന്റെ മൃതശരീരം ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത് എന്ന് പറയണമെങ്കില്‍ ആനന്ദിന് എത്രത്തോളം മനോവിഷമം ഉണ്ടായിക്കാണുമെന്നും ഇത്തരം മരണങ്ങളുടെ പട്ടിക കൂടിവരികയാണെന്നും വി ജോയ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഒന്നര മാസം മുന്‍പാണ് കൗണ്‍സിലറായിരുന്ന തിരുമല അനില്‍ ആത്മഹത്യ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോള്‍ ആനന്ദിന്റെ ആത്മഹത്യ. ആത്മഹത്യാക്കുറിപ്പില്‍ ആനന്ദ് പറയുന്നത് പതിനാറാമത്തെ വയസ് മുതല്‍ ആര്‍എസ്എസുമായി ചേർന്നു പ്രവര്‍ത്തിച്ചു എന്നാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് നിയോഗിച്ചത് അനുസരിച്ച് അവര്‍ക്കായി പ്രവര്‍ത്തിച്ചുവെന്നും പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാര്‍ട്ടി ഒന്നാമതായി പരിഗണിച്ചിരുന്നത് തന്റെ പേരാണെന്നും പറഞ്ഞു. പക്ഷെ തന്നെ നിര്‍ദാക്ഷിണ്യം മാറ്റി മാഫിയ പ്രവര്‍ത്തനം നടത്തുന്ന മറ്റൊരാളെ അവിടെ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നു. ബിജെപിയും ആര്‍എസ്എസും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന നിന്ദ്യമായ പ്രവര്‍ത്തിയാണത്. രാജീവ് ചന്ദ്രശേഖര്‍ വന്നതിനുശേഷം അത്തരം കാര്യങ്ങള്‍ ഏകോപിപ്പ് നടത്തുകയാണ് എന്നാണ് ആനന്ദ് പറഞ്ഞത്.', വി ജോയ് പറഞ്ഞു.

വളരെ ഗുരുതരമായ ആരോപണമാണ് ആനന്ദ് കുറിപ്പില്‍ ഉന്നയിക്കുന്നതെന്നും വി ജോയ് പറഞ്ഞു. ബിജെപി സീറ്റ് നല്‍കാത്തതുകൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയ ആളെ കഴിഞ്ഞ ദിവസങ്ങളില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ, അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഭീഷണിപ്പെടുത്തിയോ സ്ഥാപനത്തില്‍ പോയി ഭീഷണിപ്പെടുത്തിയോ എന്ന് കൃത്യമായി പരിശോധിക്കപ്പെടണം. കുറിപ്പില്‍ പറയുന്നത് തന്റെ മൃതശരീരം ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത് എന്നാണ്. അങ്ങനെ പറയണമെങ്കില്‍ അദ്ദേഹത്തിന് എത്ര മനോവിഷമം ഉണ്ടായിട്ടുണ്ടാവണം. മരണങ്ങളുടെ പട്ടിക കൂടിവരികയാണെന്നും വി ജോയ് കൂട്ടിച്ചേർത്തു.

ഇന്ന് ഉച്ചയോടെയാണ് ആനന്ദ് തിരുമല ജീവനൊടുക്കിയത്. ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.

Content Highlights: We should check if Anand thirumala was threatened in the past few days: V Joy MLA

dot image
To advertise here,contact us
dot image