ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം: അതിയായ സങ്കടമുണ്ട്; കാരണം എന്താണെന്ന് കണ്ടുപിടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

വിഷയം അങ്ങനെ വിടില്ലെന്നും രാജീവ് ചന്ദ്രശേഖർ

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം: അതിയായ സങ്കടമുണ്ട്; കാരണം എന്താണെന്ന് കണ്ടുപിടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
dot image

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയതില്‍ പ്രതികരണവുമായി ബിജെപി നേതാക്കള്‍. സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവം അറിഞ്ഞതിന് പിന്നാലെ കരമന ജയനെ വിളിച്ചിരുന്നുവെന്നും കാരണം അന്വേഷിച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വാര്‍ഡില്‍ നിന്ന് വന്ന പട്ടികയില്‍ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്ന് കണ്ടുപിടിക്കും. വിഷയം അങ്ങനെ വിടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ എവിടെയും ഉണ്ടായിരുന്നില്ലെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയന്‍ പറഞ്ഞു. ആനന്ദ് ബിജെപി പ്രവര്‍ത്തകനല്ല. സ്ഥാനാര്‍ത്ഥി മോഹമുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും കരമന ജയന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ സമയത്ത് പലകാര്യങ്ങളും നോക്കും. സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വ്യക്തിത്വങ്ങളെയാണ് പരിഗണിക്കുന്നത്. വിജയ സാധ്യതയും നോക്കും. വരുന്നവര്‍ എല്ലാവരും യോഗ്യരാണ്. ആര്‍ക്കാണ് കൂടുതല്‍ വിജയ സാധ്യത എന്നാണ് നോക്കുന്നത്. ആനന്ദിന്റെ മരണം വേദനിപ്പിക്കുന്നതാണെന്നും കരമന ജയന്‍ പറഞ്ഞു.

ആനന്ദിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി നേതാവ് വി വി രാജേഷും പറഞ്ഞു. ആനന്ദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. വാര്‍ഡില്‍ നിന്നുവന്ന പരിഗണന പട്ടികയിലും ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ആനന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം നിരസിച്ചു എന്നത് ശരിയല്ല. മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് അറിയില്ലെന്നും വി വി രാജേഷ് പറഞ്ഞു. ആനന്ദ് ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രികൂടിയായ വി മുരളീധരനും പറഞ്ഞു. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആനന്ദിന്റെ ആരോപണം വി മുരളീധരന്‍ തള്ളി. ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാനാകുമോ എന്ന് വി മുരളീധരന്‍ ചോദിച്ചു. കാര്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വി മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു വി മുരളീധരന്റെ പ്രതികരണം.

ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കുറിപ്പെഴുതിവെച്ചായിരുന്നു തിരുമല സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ആനന്ദ് ജീവനൊടുക്കിയത്. തൃക്കണ്ണാപുരം വാര്‍ഡിലെ സീറ്റ് നിര്‍ണയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു. തൃക്കണ്ണാപുരത്ത് നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് കാരണം വാര്‍ഡില്‍ മണ്ണ് മാഫിയയുമായി ബന്ധമുള്ളയാളെ നിര്‍ത്തിയതാണെന്ന് ആനന്ദ് പറയുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്റെ താല്‍പര്യം താന്‍ ആര്‍എസ്എസിന്റെ ജില്ലാ കാര്യകര്‍ത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മണ്ണ് മാഫിയ സംഘം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോള്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ തനിക്ക് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധിച്ചില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് വലിയ രീതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും തന്നില്‍ നിന്ന് അകന്നുവെന്നും ആനന്ദ് തമ്പി പറഞ്ഞിരുന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു ആനന്ദ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights- Rajeev chandrasekhar reaction over rss worker found dead in thirumala

dot image
To advertise here,contact us
dot image