ആനന്ദ് തമ്പിയുടെ മരണം: കൊലയാളികളുടെ പാർട്ടിയായി ബിജെപി അധഃപതിച്ചു: എം വി ജയരാജൻ

'ലൈംഗിക പീഡനത്തിനും കൊലപാതകത്തിനും നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയായി ബിജെപി മാറി'

ആനന്ദ് തമ്പിയുടെ മരണം: കൊലയാളികളുടെ പാർട്ടിയായി ബിജെപി അധഃപതിച്ചു: എം വി ജയരാജൻ
dot image

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. കൊലയാളികളുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും പാര്‍ട്ടിയായി ബിജെപി അധഃപതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരത്തെ മൂന്നാമത്തെ ആത്മഹത്യയാണിത്. ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ കുറിപ്പ് അതീവ ഗൗരവതരമാണ്. മണ്ണ് മാഫിയ സംഘത്തിലെ തലവന്മാരാണ് ബിജെപിയുടെ നേതൃത്വത്തിലുള്ളത്. അവരെ സഹായിക്കുന്ന ആളെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. യഥാര്‍ത്ഥത്തില്‍ ഇതിന് മറുപടി പറയേണ്ടത് ബിജെപി നേതാക്കളാണ്. ആനന്ദ് ഉയര്‍ത്തിയ പ്രശ്‌നം ബിജെപിയുടെ ആഭ്യന്തര പ്രശ്‌നം മാത്രമല്ല. പൊതുസമൂഹത്തിന് ഉത്തരം കിട്ടിയേ മതിയാകൂവെന്നും എംവി ജയരാജന്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ഒരു സാമൂഹ്യവിരുദ്ധ പ്രസ്ഥാനമാണ്. ലൈംഗിക പീഡനത്തിനും കൊലപാതകത്തിനും നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയായി ബിജെപി മാറി. തിരുമല അനിലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബിജെപി അധ്യക്ഷന്‍ വീട്ടില്‍ പോയപ്പോള്‍ അനിലിന്റെ ഭാര്യ ചോദിച്ചത് എന്തിനാണ് ഇപ്പോള്‍ വന്നതെന്നാണ്. വായ്പ വാങ്ങിയിട്ട് തിരിച്ചടയ്ക്കാത്തവരുടെ പാര്‍ട്ടിയായി ബിജെപി മാറി. ആത്മഹത്യ ചെയ്യേണ്ടി വരുന്നത് മറ്റൊരു നിര്‍വാഹവുമില്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്ന് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.

ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്. തന്റെ ശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല, പക്ഷെ ബിജെപി ആർഎസ്എസ് പ്രവർത്തകരെ കാണാൻ അനുവദിക്കരുതെന്ന് ആനന്ദ് കുറിപ്പിലൂടെ അഭ്യർത്ഥിക്കുന്നു. തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആർഎസ്എസുകാരനായി ജീവിച്ചു എന്നതാണെന്നും ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നതെന്നും കുറിപ്പിലുണ്ട്. അതാണ് തന്നെ ഈ ആത്മഹത്യയിലേക്ക് നയിച്ചത്. ഇനി ഒരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുതെന്നും ആനന്ദ് കുറിപ്പിൽ വ്യക്തമാക്കുന്നു.

തൃക്കണ്ണാപുരം വാര്‍ഡിലെ സീറ്റ് നിര്‍ണയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് കാരണം വാര്‍ഡില്‍ മണ്ണ് മാഫിയയുമായി ബന്ധമുള്ളയാളെ നിര്‍ത്തിയതാണെന്നും ആനന്ദ് പറയുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്റെ താല്‍പര്യം താന്‍ ആര്‍എസ്എസിന്റെ ജില്ലാ കാര്യകര്‍ത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മണ്ണ് മാഫിയ സംഘം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോള്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ തനിക്ക് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധിച്ചില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് വലിയ രീതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും തന്നില്‍ നിന്ന് അകന്നുവെന്നും ആനന്ദ് തമ്പി പറഞ്ഞിരുന്നു.

Content Highlights: mv jayarajan against bjp on the death of anand thampi

dot image
To advertise here,contact us
dot image