

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ കുറ്റങ്ങൾ തെളിഞ്ഞു. കേസിൽ തലശേരി പോക്‌സോ പ്രത്യേക കോടതി നാളെ ശിക്ഷ വിധിക്കും.
കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി എം ഭാസുരി പറഞ്ഞു. കുട്ടി പീഡനം നേരിട്ടത് ഏറ്റവും വിശ്വസിച്ച ആളിൽ നിന്നാണെന്നും ഇവർ പറഞ്ഞു. അതേസമയം ശിക്ഷാ വിധി വന്നതിനുശേഷം മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പി പ്രേമരാജൻ പറഞ്ഞു. കേസ് അവസാനം അന്വേഷിച്ചവർ അട്ടിമറി നടത്തിയെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ടി കെ രത്‌നകുമാർ ഇപ്പോൾ സിപിഐഎം സ്ഥാനാർത്ഥിയാണെന്നും പ്രേമരാജൻ ആരോപിച്ചു.
തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകൻ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാർച്ച് 17നാണ് യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളിൽ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി.
2021ൽ ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകർ എന്നിവരുൾപ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.
Content Highlights: palathayi pocso case; Court finds BJP leader K Pathmarajan guilty