

ആലപ്പുഴ: അമ്പലപ്പുഴയിൽ സിപിഐ നേതാവ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. അമ്പലപ്പുഴയിലെ പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായ, വർഷങ്ങളായി സിപിഐ പ്രവർത്തകനായിരുന്ന അഡ്വ. ആർ ശ്രീകുമാറാണ് പാർട്ടി വിട്ടത്. 1979ൽ സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ശ്രീകുമാർ തദ്ദേശതെരഞ്ഞെടുപ്പിൽ ഇത്തവണ സ്വന്തം വാർഡിൽനിന്ന് സിപിഐക്കെതിരെ മത്സരിക്കും.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ സിപിഐ പ്രതിനിധിയായി വിജയിച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുള്ളയാളാണ് ഇദ്ദേഹം. സ്ഥാനാർത്ഥി നിർണയത്തിലെ അസ്വാരസ്യത്തെ തുടർന്നാണ് ശ്രീകുമാർ പാർട്ടി വിട്ടത്. താൻ മുൻപ് പ്രതിനിധാനംചെയ്ത വാർഡിൽ തന്നോട് ആലോചിക്കാതെ സ്ഥാനാർഥിനിർണയം നടത്തിയ നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പാർട്ടിവിടുന്നതെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു.
സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം, കരുമാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി, എഐടിയുസി മണ്ഡലം കമ്മിറ്റി അംഗം, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ ജോയിന്റ് സെക്രട്ടറി, കിസാൻസഭാ മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി മണ്ഡലം, ലോക്കൽ നേതൃത്വങ്ങളുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് കഴിഞ്ഞ സമ്മേളനകാലത്ത് സ്ഥാനങ്ങളിൽനിന്ന് അദ്ദേഹം സ്വമേധയാ ഒഴിഞ്ഞിരുന്നു.
Content Highlights: In Ambalapuzha a CPI leader left the party and joined the BJP