

ആലപ്പുഴ: തുറവൂരില്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ ജാക്കിയില്‍ നിന്നും തെന്നിവീണുണ്ടായ അപകടത്തില്‍ അനാസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗര്‍ഡര്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കേണ്ടതായിരുന്നുവെന്നും കൂടുതല്‍ സുരക്ഷാനടപടികള്‍ ഉണ്ടാകാതെ പോയത് വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അപകടത്തില്‍ മരിച്ച രാജേഷിനെ തനിക്ക് നേരിട്ട് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'രാജേഷിനെ നേരിട്ട് അറിയാം. നല്ല ചെറുപ്പക്കാരനാണ്. പിക്കപ്പ് വാനുമായി തമിഴ്‌നാട്ടിലേക്കായിരുന്നു യാത്ര. ദൗര്‍ഭാഗ്യകരമാണ് അപകടം. ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷാനടപടികള്‍ ഉണ്ടാകാതെ പോയത് വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടുത്തി. കുറ്റക്കാരായ ആളുകള്‍ക്കെതിരെ നടപടിയെടുക്കണം. ഗര്‍ഡര്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കേണ്ടതായിരുന്നു. കരാര്‍ കമ്പനിയാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്. രാജേഷിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കണം', രമേശ് ചെന്നിത്തല പറഞ്ഞു.
അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയും പ്രതികരിച്ചു. അപകടം ഏത് സമയത്തും ഉണ്ടാകുമെന്ന പേടിയിലായിരുന്നു തങ്ങളെല്ലാവരും. മുമ്പും ഇത്തരത്തില്‍ ഗര്‍ഡര്‍ വീണിരുന്നു. ആളില്ലാത്തതിനാല്‍ അന്ന് അപകടം ഒഴിവായി. അപകടം ഉണ്ടാവുമെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. നാല് തവണയെങ്കിലും കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. കളക്ട്രേറ്റില്‍ യോഗം വിളിച്ചുകൂട്ടി സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാതെയാണ് പലയിടത്തും ദേശീയപാത നിര്‍മ്മാണം പുരോഗമിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 40 ലധികം പേരാണ് സര്‍വ്വീസ് റോഡുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തില്‍ മരിച്ചതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
ആലപ്പുഴ കളക്ടര്‍ അലക്‌സ് വര്‍ഗീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും ഗര്‍ഡര്‍ സ്ഥാപിക്കുമ്പോള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഉയര്‍ത്തുമ്പോള്‍ ജാക്ക് ഫെയിലിയര്‍ ആയി ഗര്‍ഡര്‍ താഴെവീണെന്നാണ് കരുതുന്നത്. ഒരെണ്ണം മറ്റൊന്നിന്റെ മുകളില്‍ വീണ് രണ്ടും താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് സൂചനയെന്നും കരാർ കമ്പനിയിൽ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് ചന്തിരൂര്‍ ഭാഗത്ത് ഗര്‍ഡര്‍ വീണ് അപകടം ഉണ്ടായത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷിന്റെ പിക്കപ്പ് വാനിലേക്കാണ് ഗര്‍ഡറുകള്‍ വീണത്. മൂന്നരമണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. സ്ഥലത്ത് പ്രതിഷേധം ശക്തമാണ്.
Content Highlights: Ramesh Chennithala And K C Venugopal Over girders Falling Accident at alappuzha thuravoor