'പൃഥ്വിരാജിന് കരുതിവെച്ച വേഷമാണ് വിനായകൻ ചെയ്തത്, മമ്മൂട്ടി ഉണ്ടായാൽ നന്നായിരിക്കുമെന്ന് പറഞ്ഞത് രാജു'; ജിതിൻ

കളങ്കാവൽ സിനിമയിൽ വിനായകന് പകരം ആദ്യം പരിഗണിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നുവെന്ന് സംവിധായകൻ

'പൃഥ്വിരാജിന് കരുതിവെച്ച വേഷമാണ് വിനായകൻ ചെയ്തത്, മമ്മൂട്ടി ഉണ്ടായാൽ നന്നായിരിക്കുമെന്ന് പറഞ്ഞത് രാജു'; ജിതിൻ
dot image

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയുന്ന ചിത്രമാണ് കളങ്കാവൽ. ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. സിനിമയിൽ വിനായകന് പകരം ആദ്യം തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ജിതിൻ. കഥ പറയാൻ ചെന്നപ്പോൾ സിനിമയിൽ മമ്മൂട്ടി ഒരു കഥാപാത്രം ചെയ്‌താൽ നല്ലതായിരിക്കും എന്ന് പൃഥ്വി പറഞ്ഞിരുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'തിരക്കഥ വികസിച്ചപ്പോള്‍ ഒരു കഥാപാത്രത്തെ മമ്മൂക്ക അവതരിപ്പിച്ചാല്‍ നല്ലതായിരിക്കുമെന്ന് തോന്നി. അദ്ദേഹത്തിനും ഇഷ്ടപ്പെട്ടേക്കാം എന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കും വന്നു. ശ്രമിച്ചുനോക്കാം എന്ന് കരുതി. വിവേക് ദാമോദരന്‍ എന്ന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വഴി മമ്മൂക്കയെ കാണാന്‍ ശ്രമിച്ചു. പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങൾക്ക് സ്പേസ് ഉള്ള ചിത്രമാണിത്. അന്ന് മറ്റൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട് പൃഥ്വിരാജുമായും ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്തും കഥപറയാമെന്ന തീരുമാനത്തിലേക്ക് എത്തി.

ഞങ്ങള്‍ പറയാതെ തന്നെ, ഒരു കഥാപാത്രം മമ്മൂക്ക ചെയ്താല്‍ നന്നായിരിക്കുമെന്ന്‌ പൃഥ്വിരാജ് പറഞ്ഞു. അപ്പോഴാണ് നമ്മളും അത് മനസിലുണ്ടെന്ന് പൃഥ്വിരാജിനോട് പറഞ്ഞത്. വിനായകന്‍ ചെയ്ത കഥാപാത്രമായിരുന്നു പൃഥ്വിരാജിന് വേണ്ടി കരുതിയിരുന്നത്. പിന്നീട് മമ്മൂക്കയുടെ ഡേറ്റും അവയ്‌ലബിലിറ്റിയും കണക്കിലെടുത്താണ് ഷൂട്ടിലേക്ക് കടക്കുന്നത്. ആ സമയത്ത് പൃഥ്വി എമ്പുരാന്‍ അടക്കം മറ്റ് ചിത്രങ്ങളുമായി തിരക്കിലായി. അങ്ങനെയാണ് മറ്റ് നടന്മാരുടെ സാധ്യത തേടിയത്. മമ്മൂക്കയാണ് വിനായകനെ സജസ്റ്റ് ചെയ്തത്', ജിതിന്‍ പറഞ്ഞു.

അതേസമയം, നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷണൽ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. നവംബർ 27ന് ചിത്രം ആഗോളതലത്തിൽ റീലീസ് ചെയ്യും.

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.

Content Highlights:  Director says Prithviraj was initially considered instead of Vinayakan for the film Kalamkaval

dot image
To advertise here,contact us
dot image