'വാഹനങ്ങൾ പോകുമ്പോൾ പണി നടക്കും, സുരക്ഷ പാലിക്കണം എന്ന് പറഞ്ഞിരുന്നു'; അരൂർ അപകടത്തിൽ പ്രതികരണവുമായി എംഎൽഎ

ഡ്രൈവര്‍ രക്ഷപ്പെടുന്നതിനായി കൈകള്‍ ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ ഒന്നും ചെയ്യാനാവുമായിരുന്നില്ലെന്ന് നാട്ടുകാർ

'വാഹനങ്ങൾ പോകുമ്പോൾ പണി നടക്കും, സുരക്ഷ പാലിക്കണം എന്ന് പറഞ്ഞിരുന്നു'; അരൂർ അപകടത്തിൽ പ്രതികരണവുമായി എംഎൽഎ
dot image

ആലപ്പുഴ: അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പ്രതികരണവുമായി അരൂര്‍ എംഎല്‍എ ദലീമ. അപകടം യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഒരു ജീവനും നഷ്ടപ്പെടാന്‍ പാടില്ലാത്തതാണെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഇത്രയും പണികള്‍ പൂര്‍ത്തിയാക്കിയത് നിയന്ത്രണങ്ങളോടെയാണെന്നും വാഹനങ്ങള്‍ പോകുന്ന സ്ഥലമായതിനാല്‍ പൊലീസ് അടക്കം ശ്രദ്ധിച്ചിരുന്നുവെന്നും ദലീമ പറഞ്ഞു. നിരന്തരം വാഹനങ്ങള്‍ പോകുന്നിടത്താണ് അപകടങ്ങള്‍ നടന്നത്. അതിനാല്‍ അതിന്റേതായ ശ്രദ്ധയുമുണ്ടായിരുന്നു. ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നത് ശ്രമകരമായ ജോലിയാണ്. അതിനാല്‍ സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യമടക്കം ഉണ്ടായിരുന്നുവെന്ന് ദലീമ എംഎല്‍എ വ്യക്തമാക്കി.

'വാഹനങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് പണി നടക്കുന്നത്. സുരക്ഷ പാലിക്കണം എന്ന് പറഞ്ഞിരുന്നു. കളക്ടറെയടക്കം വിവരമറിയിച്ചിരുന്നു. വാഹനം കടത്തിവിടാതിരിക്കാനോ പണി നിര്‍ത്താനോ സാധിക്കില്ല. ഗര്‍ഡര്‍ കയറ്റുന്ന സമയത്ത് വാഹനം കടത്തി വിടാറില്ല. രാത്രി പൊലീസ് ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അപകട വിവരം അറിഞ്ഞ ഉടന്‍ വിളിച്ചപ്പോള്‍ പൊലീസ് സ്ഥാലത്ത് ഉണ്ടായിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിവരമറിയിച്ചിട്ടുണ്ട്. ജാക്കി ഒടിഞ്ഞ് പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. വാഹനം കടത്തിവിട്ടില്ല എന്നും തൊഴിലാളികള്‍ പറഞ്ഞിരുന്നു.' ദലീമ കൂട്ടിച്ചേര്‍ത്തു.

മുകളില്‍ കയറ്റി വച്ചിരുന്ന ഗര്‍ഡര്‍ തെന്നി വീണതാണെന്ന സംശയമാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. ഗര്‍ഡര്‍ വീണത് കാണുമ്പോള്‍ തെന്നി വീണത് പോലെയാണ് തോന്നുന്നത് എന്നും സംഭവിച്ചത് വലിയ വീഴ്ച്ചയെന്നുമായിരുന്നു നാട്ടുകാരുടെ പ്രതികരണം. വാഹനത്തിന്റെ ഡ്രൈവര്‍ രക്ഷപ്പെടുന്നതിനായി കൈകള്‍ ഉയര്‍ത്തി കാണിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ മനുഷ്യസഹജമായി ഒന്നും ചെയ്യാനാവുമായിരുന്നില്ല. മൂന്ന് മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ നില്‍ക്കേണ്ടി വന്നത് മരണത്തിലേക്ക് നയിച്ചെന്നും നാട്ടുകാര്‍ പറയുന്നു.

'ഫയര്‍ ഫോഴ്‌സും പൊലീസുമടക്കം സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും മനുഷ്യന്മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ക്രെയിന്‍ എത്തി ഗര്‍ഡര്‍ ഉയര്‍ത്തി മാറ്റുന്നത് വരെ നോക്കി നില്‍ക്കേണ്ടി വന്നു. മൂന്ന് മണിക്കൂര്‍ ഒരാള്‍ക്ക് അതിനുള്ളില്‍ കിടക്കേണ്ടി വന്നു എന്നത് ഖേദകരമായ കാര്യമാണ്. സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച്ചയാണ്. നാട്ടിലെ ജനങ്ങള്‍ക്ക് റോഡിന്റെ സൈഡിലൂടെ നടന്ന് പോകാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.' നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.

അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്ക് അപ്പ് വാന്‍ ഡ്രൈവറാണ് മരിച്ചത്. ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ നിലം പതിച്ചാണ് അപകടമുണ്ടായത്.

ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഗര്‍ഡറിന്റെ ഒരു ഭാഗം ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് വാഹനം പുറത്തെടുത്തത്. സംഭവത്തിന് പിന്നാലെ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight; Aroor accident; MLA says advised to ensure safety before

dot image
To advertise here,contact us
dot image