

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ നബി തന്നെയാണ് സ്‌ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമര്‍ നബിയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
ഫരീദാബാദ്, ലഖ്‌നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ലോജിസ്റ്റിക്‌സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഗ്രൂപ്പില്‍ ഒമ്പത് മുതല്‍ പത്ത് വരെ അംഗങ്ങളുണ്ടെന്നും ഇതില്‍ ആറോളം പേര്‍ ഡോക്ടര്‍മാരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്‌ഫോടനം നടന്ന തലേന്ന് മുതല്‍ ഉമറിനെ കാണാതായിരുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഉമര്‍ തന്റെ കയ്യിലുള്ള അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് ദൗജ് ഗ്രാമത്തിന് സമീപം ഒളിവില്‍ പോയതാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മാത്രവുമല്ല, കഴിഞ്ഞ മാസം 30 മുതല്‍ ഉമര്‍ നബി സര്‍വകലാശാല ചുമതലകളും ഒഴിവാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉമര്‍ ഒരു ശാന്ത സ്വഭാവക്കാരനാണെന്നും അന്തര്‍മുഖനാണെന്നും ഒരുപാട് നേരം വായിക്കുന്നവനുമാണെന്നാണ് ഉമറിന്റെ ബന്ധുക്കള്‍ പ്രതികരിക്കുന്നത്. അപൂര്‍വമായി മാത്രമേ ഉമര്‍ പുറത്ത് പോകാറുള്ളുവെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉമറിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ ഫരീദാബാദിനും ഡല്‍ഹിക്കും ഇടയില്‍ നിരവധി തവണ യാത്ര ചെയ്‌തെന്നും രാംലീല മൈതാനത്തിന്റെയും സുന്‍ഹെരി മസ്ജിദിന്റെയും ഇടയിലുള്ള പള്ളികള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
ഫരീദാബാദില്‍ നിന്നും ഉമറിന്റെ പേരിലുള്ള ഒരു ചുവന്ന ഫോര്‍ഡ് കാര്‍ അന്വേഷണ സംഘം കണ്ടുകെട്ടിയിട്ടുണ്ട്. ഉമറിന്റെ പേരിലുള്ള ഡല്‍ഹിയിലെ വിലാസം വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. ഉമര്‍ നബിയും സ്‌ഫോടനത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ഡോ. മുസമ്മില്‍ ഗനിയയും തുര്‍ക്കിയിലേക്ക് സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ചില ടെലഗ്രാം ഗ്രൂപ്പുകളില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഉമര്‍ നബിയും മുസമിലും തുര്‍ക്കിയിലേക്ക് പോയത്. തുര്‍ക്കി സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലുട നീളം ലക്ഷ്യമിട്ട പ്രദേശങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഒരു ഹാന്‍ഡ്‌ലര്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഉമര്‍ ദീപാവലിക്ക് സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചെന്നും എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കശ്മീരിലടക്കം പൊലീസ് വ്യാപകമായ റെയ്ഡുകള്‍ നടത്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ വീടുകളും റെയ്ഡ് ചെയ്തു. ഇവിടെ നിന്നും മൗലവി ഇര്‍ഫാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: DNA confirms Kashmir doctor Dr Umar Un Nabi in Red Fort incident