

നീണ്ട കാലം പരിക്കുമൂലം പുറത്തായിരുന്ന ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. ആഭ്യന്തര ടി20 ടൂര്‍ണമെന്‍റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡക്കായി കളിച്ചുകൊണ്ടായിരിക്കും ഹാര്‍ദ്ദിക് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുക. ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സിലുള്ള ഹാര്‍ദ്ദിക് മത്സരക്ഷമത നേടിക്കഴിഞ്ഞിരുന്നു.
ഈ മാസം 26നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബറോഡ, ഹൈദരാബാദിനെയാണ് നേരിടുന്നത്. 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഹാര്‍ദ്ദിക്കിനെ ഉള്‍പ്പെടുത്തണമെങ്കില്‍ അതിന് മുമ്പ് മത്സരക്ഷമത തെളിയിക്കേണ്ടതുണ്ട്.
ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ തുടയില്‍ പരിക്കേറ്റ ഹാര്‍ദ്ദിക്കിന് പിന്നീട് പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഫൈനലും ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളും നഷ്ടമായിരുന്നു.
ഹാര്‍ദ്ദിക്കിന് പകരം ശിവം ദുബെയാണ് പിന്നീട് ഇന്ത്യക്കായി പേസ് ഓള്‍ റൗണ്ടറുടെ റോള്‍ നിര്‍വഹിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായില്ലെങ്കില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെങ്കിലും താരത്തിന് കളിക്കാനാകണം.
Content Highlights: Hardik Pandya comeback throgh syed mushtaq ali trophy