

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐഎമ്മിനെ വെട്ടിലാക്കി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഐഎം-ബിജെപി ഡീലുണ്ടെന്ന ആരോപണവുമായി ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനാണ് രംഗത്തെത്തിയത്. കഴക്കൂട്ടം എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനാണ് കരുനീക്കങ്ങള്‍ നടത്തുന്നതെന്നും ആനി അശോകന്‍ ആരോപിച്ചു. കോര്‍പ്പറേഷനില്‍ ബിജെപിക്ക് വോട്ട് മറിക്കാനാണ് ധാരണ. പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കുമെന്നും ആനി അശോകന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തന്നെ ബിജെപിക്ക് വോട്ട് മറിയാന്‍ ലക്ഷ്യംവെച്ചുള്ളതാണെന്നും ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന് സീറ്റ് ഉറപ്പിക്കാനാണ് നീക്കം. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും ആനി അശോകൻ ആരോപിച്ചു.
കഴിഞ്ഞ തവണ ചെമ്പഴന്തി വാര്‍ഡില്‍ ആരും തന്നെ അറിയാത്ത ഒരാളെയാണ് സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയത്. അന്ന് നേതാക്കള്‍ എതിര്‍ത്തിരുന്നു. ചെല്ലമംഗലത്തെ പൗഡികോണത്തും സമാനമാണ് സാഹചര്യം. അവിടെയും സ്ഥാനാര്‍ത്ഥിക്കെതിരെ എതിര്‍പ്പുണ്ടായിരുന്നു. അവിടെ പാര്‍ട്ടിക്കാര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതെന്നും ആനി അശോകന്‍ പറഞ്ഞു. ആ പാറ്റേണാണ് ഇത്തവണയെന്നും ആനി അശോകന്‍ വ്യക്തമാക്കി.
കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് താന്‍. അന്ന് പൗഡി കോണത്തുനിന്നായിരുന്നു മത്സരിച്ചത്. അഞ്ച് വര്‍ഷം ഏറെ ബുദ്ധിമുട്ടിയാണ് താൻ ഭരണം നടത്തിയത്. തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കടകംപള്ളി അനുവദിച്ചിരുന്നില്ല. അന്ന് വിഭാഗീയത രൂക്ഷമായിരുന്നു. താന്‍ ഇരിക്കുന്ന കസേരയില്‍ നായ്ക്കുരണപ്പൊടിവരെ വിതറിയിട്ടുണ്ട്. അന്ന് താന്‍ മറ്റൊരു കസേരയിലാണ് ഇരുന്നത്. ഇത് പരസ്യമായ രഹസ്യമാണ്. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിയുണ്ടായില്ല. ബിജെപിയുമായുള്ള കടകംപള്ളിയുള്ള അന്തര്‍ധാര എല്ലാവര്‍ക്കും അറിയാമെന്നും ആനി അശോകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- LC Member Annie Ashokan against Kadakampally Surendran