

ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിക്കുന്ന സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സുന്ദർ സി ആയിരുന്നു സിനിമ സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ഇപ്പോൾ ഈ സിനിമയിൽ നിന്നും പിന്മാറിയെന്ന് അറിയിച്ചിരിക്കുകയാണ് സുന്ദർ സി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സംവിധായകൻ സിനിമയിൽ നിന്നും പിന്മാറിയ വിവരം അറിയിച്ചത്.
'വലിയ വേദനയോടെയാണ് ഈ വാർത്ത നിങ്ങളുമായി ഞാൻ പങ്കുവെക്കുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം തലൈവർ 173 എന്ന സിനിമയിൽ നിന്ന് ഞാൻ പിന്മാറുകയാണ്. കമൽ ഹാസനും രജനികാന്തും ഒരുമിക്കുന്ന ഈ സിനിമ എനിക്കൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു. ഈ രണ്ട് ഐക്കണുകളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇരുവരുമായി ഞാൻ പങ്കിട്ട നിമിഷങ്ങൾ ഞാൻ എന്നെന്നേക്കുമായി വിലമതിക്കും. അവർ എനിക്ക് വിലമതിക്കാനാവാത്ത പാഠങ്ങൾ ആണ് പഠിപ്പിച്ചത്. മുന്നോട്ടുള്ള എന്റെ യാത്രയിൽ ഞാൻ അവരുടെ പ്രചോദനം തേടുന്നത് തുടരുക തന്നെ ചെയ്യും.

ഈ സിനിമയിലേക്ക് എന്നെ പരിഗണിച്ചതിന് അവരോട് ഞാൻ നന്ദി പറയുകയാണ്. ഈ സിനിമയ്ക്കായി കാത്തിരുന്നവരെ ഈ വാർത്ത നിരാശപ്പെടുത്തിയെങ്കിൽ അവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി', എന്നാണ് സുന്ദർ സി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
BREAKING 🚨: #SundarC Drops out from #Thalaivar173 ..🤯 pic.twitter.com/qdevC3JcnX
— Laxmi Kanth (@iammoviebuff007) November 13, 2025
2027 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്. സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 'ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യൻ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പർസ്റ്റാർ രജനീകാന്തും കമൽഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു - തലമുറകളായി കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു ബന്ധം,' എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കമൽ കുറിച്ചത്.
Content Highlights: Sundar C opt out from Rajini-Kamal film