'വലിയ നേട്ടം കൊയ്ത ആളോട് വീട്ടിലിരിക്കാൻ സിപിഐഎം പറഞ്ഞത് എന്തിനാണ്?'; ആര്യാ രാജേന്ദ്രനെ വിമർശിച്ച് വി മുരളീധരൻ

'മേയർ കടലാസിൽ അവാർഡുകൾ വാങ്ങും. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ മേയർ മത്സരിക്കാത്തത്'

'വലിയ നേട്ടം കൊയ്ത ആളോട് വീട്ടിലിരിക്കാൻ സിപിഐഎം പറഞ്ഞത് എന്തിനാണ്?'; ആര്യാ രാജേന്ദ്രനെ വിമർശിച്ച് വി മുരളീധരൻ
dot image

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരൻ. മാലിന്യ മുക്ത കേരളത്തിന്റെ പേരിൽ വലിയ തട്ടിപ്പാണ് നടത്തിയതെന്നും 500 രൂപ വിലയുള്ള കിച്ചൺ ബിന്നിന് ഈടാക്കിയത് 1800 രൂപയാണെന്നും മുരളീധരൻ ആരോപിച്ചു.

അതിന്റെ പ്രയോജനം കിട്ടിയത് ജനങ്ങൾക്കല്ല. നടക്കാത്ത പൊങ്കാലയുടെ പേരിൽ ശുചീകരണ തൊഴിലാളികൾക്ക് വേണ്ടി പണം തട്ടിയെടുത്തവരാണ്. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാതെ തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ല. മേയർ കടലാസിൽ അവാർഡുകൾ വാങ്ങും. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ മേയർ മത്സരിക്കാത്തത്. ഇത്രയും വലിയ നേട്ടം കൊയ്ത ആളോട് വീട്ടിൽ പോയിരിക്കാൻ സിപിഐഎം പറഞ്ഞതിന്റെ അർത്ഥം എന്താണെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരത്തിനെ ഒരു മാതൃകാ നഗരമായി വികസിപ്പിക്കണം. മെട്രോയുടെ പണി തുടങ്ങാൻ 20 വർഷമെടുത്തു. ഈ സർക്കാരിന് കീഴിൽ മെട്രോയുടെ പണി പൂർത്തിയാക്കാൻ എത്ര നൂറ്റാണ്ട് എടുക്കുമെന്നും മുരളീധരൻ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ജനസ്വാധീനം വർദ്ധിപ്പിക്കുന്ന ഒരേയൊരു പാർട്ടിയാണ് ബിജെപി. നിലവിലുള്ള സീറ്റുകളിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കും. മറ്റ് സീറ്റുകളിൽ ബിജെപിക്ക് അനുകൂലമായി ജനങ്ങൾ വിധിയെഴുതും. ബിജെപി - കോൺഗ്രസ് ബാന്ധവം ഇല്ല. രാഹുൽ ഗാന്ധിയും വിഡി സതീശനും ഏറ്റവും കൂടുതൽ വിമർശിക്കുന്നത് ബിജെപിയെയാണ്. ബാന്ധവം സിപിഐഎമ്മും കോൺഗ്രസും തമ്മിലാണെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് അപ്രസക്തമാണെന്നും 2015 മുതൽ തിരുവനന്തപുരം നഗരസഭയിൽ ബിജെപിയും സിപിഐഎമ്മുമാണ് മുന്നിൽ വരുന്നതെന്നും വി മരളീധരൻ പറഞ്ഞു. ത്രികോണ മത്സരം നടക്കും. ചിലയിടങ്ങളിൽ കോൺഗ്രസ് വിജയിക്കുമായിരിക്കും. സിപിഐഎമ്മിൽ നിന്നും മുതിർന്ന നേതാക്കൾ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് അത് ഇനിയും തുടരുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

Content Highlights: v mureleedharan against arya rajendran

dot image
To advertise here,contact us
dot image