

ഓരോ വർഷവും നിരവധി പേർക്കാണ് ആമാശയ കാൻസർ പിടിപെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് സ്ത്രീകളെക്കാൾ ഈ രോഗം പിടിപെടാൻ സാധ്യത കൂടുതൽ പുരുഷന്മാർക്കാണെന്നാണ്. എന്തുകൊണ്ടാണ് ഇങ്ങനൊരു വ്യത്യാസം വന്നതെന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കിയാൽ ഈ രോഗം നേരത്തെ കണ്ടെത്താനും പ്രതിരോധിക്കാനും കഴിയും. ഇതുവഴി ഒരു ജീവൻ തന്നെ രക്ഷിക്കാനും കഴിയുമെന്ന് പറയുകയാണ് TGH ഓങ്കോ ലൈഫ് കാൻസർ സെന്റർ സർജിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഉത്കർഷ് പറയുന്നു.
വയറിലെ കാൻസർ(ആമാശയ കാൻസർ) അല്ലെങ്കിൽ ഗ്യാസ്ട്രിക്ക് കാൻസർ ഉണ്ടാകുന്നത്, വയറിലെ പാളികളിൽ അനിയന്ത്രിതമായി കോശങ്ങൾ വളരുന്ന അവസ്ഥയാണിത്. ഇത് സാധാരണയായി വളരെ പതുക്കെ മാത്രമേ വികസിച്ചുവരികയുള്ളു. ദഹനക്കേട്, വയറനുള്ളിലെ വീർപ്പുമുട്ടൽ, ഓക്കാനം, പെട്ടെന്നുള്ള ശരീരഭാരം കുറയൽ എന്നിവയെല്ലാം അസുഖംപിടിപെട്ട് കുറേനാളുകൾക്ക് ശേഷമാകും ഉണ്ടാകുക. ഇത് രോഗം ആദ്യമേ മനസിലാക്കാൻ കഴിയാതെ പോകാനുള്ള കാരണമാണ്.

ഏത് പ്രായത്തിലുള്ളവർക്കും ആമാശയ കാൻസർ വരാൻ സാധ്യതയുണ്ടെങ്കിലും ഇത് വരാൻ ഏറ്റവും കൂടുതൽ സാധ്യത പുരുഷന്മാർക്കാണ്. ഇതിനാൽ ഇക്കാര്യത്തിൽ പുരുഷന്മാർ കൂടുതൽ ബോധവാന്മാരാകണം. ജീവിതശൈലിയിലെ തെരഞ്ഞെടുപ്പുകളെ കുറിച്ചും അറിഞ്ഞിരിക്കണം. മാത്രമല്ല നിരന്തരം സ്‌ക്രീനിങ് നടത്തേണ്ടതും ആവശ്യമാണ്.
പുരുഷന്മാരിൽ ഈ അവസ്ഥ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. അതിലൊന്ന് പുകവലിയാണ്. സ്ത്രീകളിലും പുകവലിക്കുന്നവരുണ്ടെങ്കിലും പുരുഷന്മാരിലാണ് ഈ ശീലം കൂടുതലായി കാണുന്നത്. അതേപോലെ തന്നെ മദ്യാപനവും ഇതിനൊരു കാരണമാണ്. പ്രൊസസഡ് ഭക്ഷണങ്ങൾ അധികമായി കഴിക്കുന്നതും ആമാശയ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. പുരുഷന്മാർ കൂടുതലായി രാസവസ്തുക്കൾ, പൊടികൾ, ചില ലോഹങ്ങൾ എന്നിവയുടെ എക്‌സ്‌പോഷറുള്ള ഇടങ്ങിൽ ജോലി ചെയ്യുന്നതും ഈ അസുഖം പിടിപെടാൻ കാരണമാകുന്നുണ്ട്. ഇതിനർഥം സ്ത്രീകൾ സുരക്ഷിതരാണെന്നല്ല. അവർക്കും ഈ രോഗം വരാം.
മികച്ച ജീവിതശൈലി തിരഞ്ഞെടുക്കുക എന്നത് പ്രധാന പരിഹാരമാർഗമെന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. പുകവലി അവസാനിപ്പിക്കുക, അതുപോലെ മദ്യപാനവും ഒഴിവാക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ചില ഭക്ഷണങ്ങളും അണുബാധയും ഈ അവസ്ഥ കൂടുതൽ അപകടകരമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രൊസസ് ചെയ്ത ഭക്ഷണം, അച്ചാറുകൾ, പുകയിൽ വേവിക്കുന്ന ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്ന കുറയ്ക്കണം. ഹെലിക്കോബാക്ടർ പൈലോറി അണുബാധ നിയന്ത്രിക്കുന്നതിനെ കുറിച്ചും ഡോക്ടർ പറയുന്നു.

വയറിന് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ പരിശോധനകൾ നടത്തുക, കുടുംബത്തിൽ ആർക്കെങ്കിലും ആമാശയ കാൻസറുണ്ടെങ്കിൽ ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡോക്ടറെ കാണാം. ചില ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കുന്നതാണ് ആദ്യ ഘട്ടത്തിൽ തന്നെ ഈ അസുഖം കണ്ടെത്താൻ കഴിയാതെ പോകുന്നത്. ഇത് ചികിത്സയെയും കൂടുതൽ സങ്കീർണമാക്കും. ഈ രോഗത്തെ കുറിച്ച് അവബോധം ഉണ്ടാവുകയെന്നതാണ് അപകടകരമായ സാഹചര്യത്തിലേക്ക് എത്തുന്നതിനെ തടയുന്ന പ്രധാന കാര്യമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Men are more prone to Stomach Cancer says doctor