

ഐപിഎല്ലില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൂടുമാറുന്നുവെന്ന ശക്തമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍ ജഡേജയെ നല്‍കണമെന്ന് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. സിഎസ്‌കെ ഇതിന് സമ്മതിച്ചെന്നും ജഡേജയെ രാജസ്ഥാന് നല്‍കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.
ഇപ്പോഴിതാ റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അണിയറയില്‍ ഒരുപാട് ഫോണ്‍സംഭാഷണങ്ങള്‍ നടന്നിരിക്കാമെന്നാണ് കൈഫ് പറയുന്നത്. സഞ്ജു ചിലപ്പോള്‍ ധോണിയോട് സംസാരിച്ചിട്ടുണ്ടാവുമെന്നും കൈഫ് പറഞ്ഞു. ധോണിയുടെ അവസാന സീസണ്‍ ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പകരക്കാരനെയും ഭാവി ക്യാപ്റ്റനെയും കണ്ടെത്തേണ്ടതുണ്ടെന്നും കൈഫ് പറഞ്ഞു.
'സഞ്ജു ചെന്നൈയിലേക്ക് ചേരാന്‍ സാധ്യതയുണ്ടെങ്കില്‍ അണിയറയില്‍ ഒരുപാട് ഫോണ്‍കോളുകള്‍ ഉണ്ടായിട്ടുണ്ടാവും. സഞ്ജു ചിലപ്പോള്‍ ധോണിയോട് സംസാരിച്ചിട്ടുണ്ടാകും. ധോണിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നത്. ചെന്നൈ സഞ്ജുവിനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം തന്നെയായിരിക്കും ഭാവി ക്യാപ്റ്റന്‍. ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ടുതന്നെയാണ് സഞ്ജുവിനെ അവര്‍ ലക്ഷ്യമിടുന്നതും', കൈഫ് പറഞ്ഞു.
Content Highlights: 'Sanju Samson must have spoken to Dhoni', says Mohammed Kaif