'സഞ്ജു ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു', നിര്‍ണായക പ്രഖ്യാപനവുമായി സിഎസ്‌കെ

സഞ്ജുവിന്റെ കൂടുമാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

'സഞ്ജു ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു', നിര്‍ണായക പ്രഖ്യാപനവുമായി സിഎസ്‌കെ
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറുമെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍ ജഡേജയെ നല്‍കണമെന്ന് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. സിഎസ്‌കെ ഇതിന് സമ്മതിച്ചെന്നും ജഡേജയെ രാജസ്ഥാന് നല്‍കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.

ഇപ്പോഴിതാ സഞ്ജുവിന്റെ കൂടുമാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സഞ്ജുവിനെ ട്രേഡ് വിന്‍ഡോയില്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നുണ്ടെന്നും രാജസ്ഥാന്റെ തീരുമാനത്തിനായി കാത്തിരിക്കുകയുമാണെന്നാണ് സിഎസ്‌കെ ഒഫീഷ്യല്‍സിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജു ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായും സിഎസ്‌കെ പറഞ്ഞു.

'സഞ്ജുവില്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഈ ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനെ സ്വന്തമാക്കാന്‍ ഞങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അടുത്ത സീസണില്‍ സഞ്ജു സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു', സൂപ്പര്‍ കിംഗ്‌സ് ഒഫീഷ്യല്‍സ് പിടിഐയോട് പറഞ്ഞു.

സഞ്ജുവിനെ വിട്ടുകിട്ടണമെങ്കില്‍ പകരം റോയല്‍സ് ചെന്നൈയുടെ വിശ്വസ്ത താരമായ രവീന്ദ്ര ജഡേജയെയാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടത്. ഇരുവര്‍ക്കും 18 കോടിയാണ് പ്രതിഫലം. ജഡേജ, മാത്രം പോര കൂടെ ഡെവാള്‍ഡ് ബ്രെവിസിനെ കൂടി ആവശ്യപ്പെടുകയാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ ജഡേജയ്‌ക്കൊപ്പം സാം കരണിനെ വിട്ടുനല്‍കാമെന്നാണ് ചെന്നൈ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ഡീല്‍ വേണ്ടെന്നാണ് രാജസ്ഥാന്റെ നിലപാട്. ഇതോടെ സഞ്ജുവിന്റെ ഡിലില്‍ ഇരുടീമുകള്‍ക്കിടയിലും പ്രതിസന്ധി തുടരുകയാണ്.

Content Highlights: Chennai Super Kings official breaks silence on Sanju Samson IPL trade

dot image
To advertise here,contact us
dot image