

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിലിനെ തള്ളിയ ഡിവൈഎഫ്‌ഐ നേതൃത്വത്തിന് വിമര്‍ശനം. കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ വിനീഷാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. വര്‍ഗീയവാദികള്‍ക്കെതിരായ പ്രതിരോധത്തിലാണ് ഷെറിലിന്റെ മരണമെന്നാണ് വിനീഷ് അഭിപ്രായപ്പെട്ടത്. കൊല്ലപ്പെട്ട ഷെറിലിന് പല ഒഴിവുകഴിവുകളും പറയാമായിരുന്നു. പക്ഷേ അവനത് പറ്റില്ലായിരുന്നു. സംഭവ സമയം കീഴ് ഘടകങ്ങളെ വിളിച്ചുണര്‍ത്തിയിട്ട് പോലും ഉണര്‍ന്നില്ല. എഴുന്നേല്‍ക്കാത്തത് മുട്ട് വിറച്ചിട്ടാണെന്ന് സമ്മതിക്കാനുള്ള മടിയായിരുന്നു കാരണമെന്നും വിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
വിനീഷിൻറെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
''അവനുറങ്ങാമായിരുന്നു... പല ഒഴിവുകേടുകളും പറയാമായിരുന്നു... പക്ഷെ അവനതു പറ്റില്ല. അവനങ്ങനെയാ... വർഗീയവാദികൾ സഖാക്കൾക്ക് നേരെ വരുന്നുണ്ടെന്നു മാത്രം അവനെ അറിയിച്ചാൽ മതി പ്രതിരോധം തീർക്കണം എന്നത് അവന്റെ ബോധ്യമായിരുന്നു... അവൻ മുന്നിൽ നിന്ന് നയിച്ചത് കൊണ്ട് തന്നെയാണ് കുന്നോത്തുപറമ്പിൽ സഖാക്കളുടെ വീടുകൾ ലക്ഷ്യമാക്കിവന്ന വർഗീയവാദികൾ പിന്തിരിഞ്ഞോടിയത്ന്ന്... ഇന്ന് അവന് രക്തസാക്ഷിത്വ സർട്ടിഫിക്കറ്റ് അപ്രൂവൽ ചെയ്യേണ്ട ജഡ്ജ് പാനലിന്റെ കീഴ്ഘടകങ്ങൾ അന്ന് ഉറക്കമായിരുന്നു. വിളിച്ചുണർത്താൻ നോക്കിയിട്ട് പോലും എഴുന്നേറ്റില്ല... എഴുന്നേൽക്കാഞ്ഞത് മുട്ട് വിറച്ചിട്ടാണെന്നു സമ്മതിക്കാനുള്ള മടിയെന്ന് അവനും നമുക്കും അറിയാം...
മുത്തേ... വെന്ത ഇറച്ചിയുടെയും ചോരയുടെയും ഒരു മണമുണ്ട് ഇന്നും ഉള്ളിൽ... ഒപ്പം നീ ഇല്ലെന്ന തിരിച്ചറിവും നീ എന്തിന് ഇല്ലാതായി എന്ന് നമുക്കറിയാം അത് നമ്മുടെ ബോധ്യങ്ങളാണ്... രക്തസാക്ഷി പട്ടത്തിന് നീ അർഹനല്ലെന്ന് അറിയിപ്പ് വന്നിട്ടുണ്ട്.. എല്ലാം സഹിച്ചുള്ള നിൻ്റെ ഒരു ചിരി ഉണ്ടായിരുന്നില്ലെ അത് തന്നെ ഇതിനും മറുപടി..
കുന്നോത്ത്പറമ്പിലെ മേഖല സമ്മേള്ളനത്തിലാണ് പാനൂര്‍ സ്‌ഫോടനത്തില്‍ മരിച്ച ഷെറിലിനെ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ചത്. അതിന് പിന്നാലെ ഈ നീക്കത്തെ തള്ളികൊണ്ട് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂര്‍ പാനൂരില്‍ ബോംബ് കേസില്‍ രണ്ടാം പ്രതിയായ വിനീഷ് മരിച്ച ഷെറിലിനെ തള്ളിയ ഡിവൈഎഫ്‌ഐ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
2024 ഏപ്രില്‍ അഞ്ചിനായാരുന്നു പാനൂര്‍ മുളിയത്തോടുവെച്ച് നിര്‍മ്മാണത്തിലുളള ബോംബ് പൊട്ടി ഷെറില്‍ കൊല്ലപ്പെട്ടത്. പാനൂര്‍ മുളിയതോടിന് അടുത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മ്മാണത്തിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെറില്‍ അടക്കം 15 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായിരുന്നു കേസിലെ പ്രതികള്‍. സംഭവത്തെ അന്നുതന്നെ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും തള്ളിയിരുന്നു.
Content Highlights: Criticism of DYFI leadership for rejecting Sherrill, who died in a bomb-making blast in Panur,Kannur