

പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ഡ്യൂഡ് ഒടിടിയിലേക്ക്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. കൂടാതെ ചിത്രം 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടുകയും ചെയ്തിരുന്നു. പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി കളക്ഷൻ നേടുന്നത്. നേരത്തെ നായകനായി എത്തിയ ലവ് ടുഡേ, ഡ്രാഗൺ തുടങ്ങിയ സിനിമയും ഈ കളക്ഷൻ നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവംബർ 14ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മമിത ബൈജുവും പ്രദീപും തകർത്താടി ചിത്രത്തിന് ഒടിടിയിലും ഒന്നാം സ്ഥാനം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
#Dude confirms it will start streaming from Nov 14 on Netflix! pic.twitter.com/ilkZeg1ewC
— Sreedhar Pillai (@sri50) November 10, 2025
കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബ ബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു ടോട്ടൽ പാക്കേജ് ആണ് ചിത്രം. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുരൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്.
നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.
Content Highlights: Pradeep Ranganathan starrer Dude ott release date announced