2024 ജൂൺ നാലിന് ശേഷം കേരളത്തിന്റെ പള്‍സ് അറിയണമെങ്കില്‍ തൃശൂരിൽ അന്വേഷിക്കണം: സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങളുടെ ബിജെപി അനുകൂല പള്‍സാണ് തങ്ങള്‍ക്ക് പൈസ കൊടുക്കാതെ ലഭിക്കുന്ന ഇന്ധനമെന്ന് സുരേഷ് ഗോപി

2024 ജൂൺ നാലിന് ശേഷം കേരളത്തിന്റെ പള്‍സ് അറിയണമെങ്കില്‍ തൃശൂരിൽ അന്വേഷിക്കണം: സുരേഷ് ഗോപി
dot image

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷ വര്‍ദ്ധിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ ജനങ്ങളുടെ ബിജെപി അനുകൂല പള്‍സാണ് തങ്ങള്‍ക്ക് പൈസ കൊടുക്കാതെ ലഭിക്കുന്ന ഇന്ധനമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ബിജെപിക്ക് കൗണ്‍സിലറെ ഒന്ന് മോഹിക്കാന്‍ പോലും പറ്റാത്ത സ്ഥലങ്ങളില്‍ പോലും ചെല്ലുമ്പോള്‍ കിട്ടുന്ന സ്വീകാര്യത, അത് കേരളത്തിന്റെ പള്‍സാണ്. സിനിമയില്‍ ഒരു സീന്‍ വരുമ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കയ്യടിച്ചാല്‍ ലോകം മുഴുവന്‍ കയ്യടി ലഭിക്കും എന്ന് പറയുന്ന അതേ തത്വമാണ് രാഷ്ട്രീയത്തിലുമെന്നും സുരേഷ് ഗോപി പറഞ്ഞു. 2024 ജൂണ്‍ നാലിന് ശേഷം തൃശൂരിന് പ്രാധാന്യം കൂടുതലായിരിക്കുകയാണ്. ഇപ്പോള്‍ കേരളത്തിന്റെ പള്‍സ് അറിയണമെങ്കില്‍ തൃശൂരില്‍ അന്വേഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇത്തവണ സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

നാമനിര്‍ദേശ പത്രിക 14-ന് നല്‍കാം. അവസാന തീയതി നവംബര്‍ 21 ആണ്. പത്രിക പിന്‍വലിക്കുന്ന തീയതി നവംബര്‍ 24 ആണ്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം. പ്രായമായവര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സൗകര്യം ഉണ്ടാകില്ല. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം ഷാജഹാന്‍ പറഞ്ഞു. ആകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,12470 പുരുഷ വോട്ടര്‍മാരും 1,50,18,010 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 281 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 2841 പ്രവാസി വോട്ടര്‍മാരുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് പിന്നീടാവും നടക്കുക. ആകെ 33,746 പോളിംഗ് സ്റ്റേഷനുകളുണ്ടാവും. പഞ്ചായത്തുകളിലേക്കായി 28,127 പോളിംഗ് സ്റ്റേഷനുകളാകും ഉണ്ടാകുക.മുനിസിപ്പാലിറ്റികള്‍ക്കായി 3,204 പോളിംഗ് സ്റ്റേഷനുകളും നഗരസഭകള്‍ക്കായി 2,015 പോളിംഗ് സ്റ്റേഷനുകളുമുണ്ടാകും.

Also Read:

തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി 1,80,000 ഉദ്യോഗസ്ഥരെ നിയമിക്കും. സുരക്ഷയ്ക്കായി 70,000 പൊലീസുകാരെ വിനിയോഗിക്കും. വ്യാജവാര്‍ത്തകള്‍, എഐയുടെ ദുരുപയോഗം എന്നിവ തടയും. ഇത് പ്രത്യേക സമിതി നിരീക്ഷിക്കും. മോണിറ്ററിങ്ങിന് പ്രത്യേക സമിതി രൂപീകരിക്കും. വോട്ടെടുപ്പിനും വോട്ടെണ്ണലിനും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തും.

Content Highlight; Suresh Gopi Reacts to Local Body Poll Announcement

dot image
To advertise here,contact us
dot image