നെല്ലുസംഭരണം: 'പത്തായം പെറില്ലെന്ന് ഈ സര്‍ക്കാരിനുമാത്രം മനസിലായിട്ടില്ല'; വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം

'സര്‍ക്കാരിന്റേത് കര്‍ഷകരെ പാടത്തുനിന്ന് കയറ്റുന്ന സമീപനം'

നെല്ലുസംഭരണം: 'പത്തായം പെറില്ലെന്ന് ഈ സര്‍ക്കാരിനുമാത്രം മനസിലായിട്ടില്ല'; വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
dot image

കൊച്ചി: നെല്ലുസംഭരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. കര്‍ഷകര്‍ ദുരിത്തിലാണെന്നാണ് കുറ്റപ്പെടുത്തല്‍. സര്‍ക്കാരിന്റേത് കര്‍ഷകരെ പാടത്തുനിന്ന് കയറ്റുന്ന സമീപനമാണ്. ഒരു കൊയ്ത്ത് കാലമെങ്കിലും നേരെ ചൊവ്വേ നടത്താന്‍ കഴിയണമെന്നും വിറ്റ നെല്ലിന്റെ വില കിട്ടാത്തതിനാല്‍ വിതയ്ക്കാന്‍ വായ്പ എടുക്കേണ്ടി വരികയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

'വയനാട് ദുരന്തത്തിലുള്‍പ്പെടെ പലതിലും കേന്ദ്രം കേരളത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുന്നത് പുതിയ കാര്യമല്ല. ചില കാര്യങ്ങളിലെങ്കിലും നടപടിക്രമങ്ങള്‍ സംസ്ഥാനം സമയത്ത് പൂര്‍ത്തിയാക്കിയില്ലെന്ന ആരോപണം കേന്ദ്രവും ഉന്നയിക്കുന്നുണ്ട്. അതെന്തായാലും അനുഭവിക്കുന്നത് കര്‍ഷകരാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

'നെല്‍കൃഷിയല്ലാതെ മറ്റൊരു വരുമാനമാര്‍ഗവുമില്ലാത്ത ആയിരക്കണക്കിന് കര്‍ഷകരുണ്ട് കേരളത്തില്‍. വിതയും വളമിടലും കൊയ്ത്തും മെതിയുംപോലെ നെല്ല് സംഭരണം ആവശ്യപ്പെട്ടുള്ള സമരവും അവരുടെ കൃഷിയുടെ ഭാഗമായി. ഈ കര്‍ഷകരും അവരുടെ അധ്വാനഫലം വച്ചു വിലപേശുന്ന മില്ലുകാരും 10 കൊല്ലമായിട്ട് ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സര്‍ക്കാരും കേരളത്തിലെ നെല്‍കൃഷിയുടെ ദുരന്തകാഴ്ചയാണ്', ദീപികയില്‍ ആരോപിക്കുന്നു.

'പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഉണ്ണി ഉണ്ണും' എന്ന പഴഞ്ചൊല്ലിന്റെ നിസംഗത കേരളത്തിലെ നെല്‍കൃഷിയെ വിഴുങ്ങുകയാണ്. പത്തായം പെറില്ലെന്ന് ഈ സര്‍ക്കാരിനുമാത്രം മനസിലായിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

അതേസമയം, ക്രൈസ്തവരെ സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് ദീപികയിലെ ലേഖനത്തില്‍
തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാന്‍ ക്രൈസ്തവര്‍ക്കാകുമെന്ന മുന്നറിയിപ്പുകൂടി അദ്ദേഹം ലേഖനത്തിലൂടെ നല്‍കുന്നു.

Content Highlights: Deepika's editorial criticises the government over the rice procurement issue

dot image
To advertise here,contact us
dot image