

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെപിസിസി ജനറൽ സെക്രട്ടറിമാരായ മണക്കാട് സുരേഷും സന്ദീപ് വാര്യരുമാണ് ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസിയാണ് ശ്രീലേഖ എന്നായിരുന്നു മണക്കാട് സുരേഷ് പറഞ്ഞത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുപ്പിച്ചത് ശ്രീലേഖ ഇടപെട്ടാണെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
മണക്കാട് സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
മുൻ ഡിജിപി ശ്രീലേഖ ഐപിഎസ് 'കാവി'വിശ്വാസികൾക്ക് പറ്റിയ 'കപട'വിശ്വാസി. ശ്രീലേഖ ഐപിഎസിനെ ശാസ്തമംഗലത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയെന്ന് !!, ഗംഭീരം !! അനന്തപുരിയിലെ ബിജെപിക്കാർക്ക് അർഹതപ്പെട്ടത് തന്നെ കിട്ടി ! അഖില ലോക പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ അനന്തപുരിയുടെ ദേശീയോത്സവമായ പൊങ്കാലയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന കുത്തിയോട്ടം ' എന്ന ചിരപുരാതനമായ ആചാരമനുഷ്ഠിക്കാൻ എത്തുന്ന കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ജയിലിൽ കയറ്റുമെന്ന് പറഞ്ഞ മഹതിയെ തന്നെ ബിജെപി കെട്ടിയെഴുന്നെള്ളിച്ചത് ആരെ വെല്ലുവിളിക്കാനാണ്? വിശ്വാസ സമൂഹത്തെയോ? അതോ കേരളത്തെ തന്നെയോ?
'ഇത് ആറ്റുകാലമ്പലമോ ആൺപിള്ളേരുടെ ജയിൽ മുറിയോ?' എന്ന ശ്രീലേഖ ഐപിഎസിന്റെ ചോദ്യം അമ്മയുടെ ഭക്തരായ ഞങ്ങളാരും ഇതുവരെ മറന്നിട്ടില്ല. കന്നഡ ഭൂമി കണ്ടവർക്ക് വിറ്റ 'മലയാളി' പ്രസിഡന്റ് ഇങ്ങനെയൊരു വാർത്ത തന്നെ കേട്ടിട്ടുവേണ്ടേ മറക്കാൻ. ചാനലിൽ ഒന്ന് തപ്പിയാൽ മതി ഐപിഎസ് 'സിംഹിണി'യുടെ ആ ബെറ്റ് കിട്ടും.
ജയിലിന്റെ ചാർജ്ജുണ്ടായിരുന്ന ശ്രീലേഖ ഐപിഎസ് അന്ന് പറഞ്ഞത് കുട്ടികൾ കുത്തിയോട്ടത്തിൽ പങ്കെടുത്താൽ അവരെയും രക്ഷകർത്താക്കളെയും അന്നത്തെ ഐപിസി പീനൽ കോഡ് സെക്ഷൻ 89, 319, 320, 349, 350, 351 പ്രകാരം അകത്തിടുമെന്ന്. അതേ മാഡം ഇന്ന് അനന്തപുരിയിൽ ബിജെപിയെ നയിക്കുന്നു. ആദിപരാശക്തിയുടെ ആത്മീയ സന്നിധിയായ സ്ത്രീകളുടെ ശബരിമലയിൽ നടത്തുന്ന കുത്തിയോട്ട വ്രതത്തെ 'കുട്ടികൾക്ക് നേരെയുള്ള പച്ചയായ ശാരീരിക മാനസിക പീഡനമെന്ന് 'പരിഹസിച്ച ആളാണ് അനന്തപുരിയെ നയിക്കാൻ ഒരുങ്ങുന്ന 'വനിതാരത്നം '. കൊടകരയിലെ കുഴലിലൂടെ പണമൊഴുകിയപ്പോൾ അയ്യപ്പസ്വാമിക്ക് മുന്നിലെ നാമജപവും ത്രിശൂരിലെ പ്രജകൾക്കൊരു രാജാവിനെ കൊടുക്കാമെന്ന് സമ്മതിച്ചപ്പോൾ വടക്കുംനാഥന്റെ കലങ്ങിയ പൂരവും മറക്കാൻ ബിജെപിക്ക് എളുപ്പമായിരിക്കും, പക്ഷെ കറകളഞ്ഞ വിശ്വാസികൾ അത് മറക്കില്ല. കാക്കിയിൽ നിന്ന് കാവിയിലേയ്ക്ക് മാറിയ ശ്രീലേഖയിലെ കപടതകൾ ഒന്നൊന്നായി തുറന്ന് കാട്ടപ്പെടാനിരിക്കുന്നതേയുള്ളൂ.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
തിരുവനന്തപുരത്തെ ഹിന്ദു സംഘടന പ്രവർത്തകരോടാണ്, ആറ്റുകാൽ പൊങ്കാല കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ച ആർ ശ്രീലേഖക്ക് വേണ്ടിയാണോ നിങ്ങൾ പ്രവർത്തിക്കാൻ പോകുന്നത് ?
ബിജെപിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോളും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ ആര്‍ ശ്രീലേഖ ഇടംപിടിച്ചിരുന്നു. ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ആര്‍ ശ്രീലേഖ മത്സരിക്കുക.
ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 67 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി നേതാവ് വി വി രാജേഷും ആര്‍ ശ്രീലേഖയുമുള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കൂടാതെ, പാളയത്ത് മുന്‍ അത്ലറ്റ് പദ്മിനി തോമസും തമ്പാനൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാര്‍ഡില്‍ ദേവിമ പിഎസും മത്സരിക്കും. കരുമത്ത് ആശാനാഥിനെയും നേമത്ത് എം ആര്‍ ഗോപനെയും ബിജെപി രംഗത്തിറക്കി. കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കവടിയാറില്‍ അടുത്ത ഘട്ടത്തില്‍ മാത്രമായിരിക്കും പ്രഖ്യാപനം.
Content Highlight; Congress criticizes BJP candidate R Sreelekha