

2019ൽ കരൺ ജോഹർ തന്റെ കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും കെഎൽ രാഹുലിനെയും ക്ഷണിച്ചിരുന്നു. അത് ഉടൻ തന്നെ ഒരു വലിയ വിവാദത്തിന് കാരണമായി, ആ ഷോ രണ്ട് പേർക്കും ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായി. ഒടുവിൽ തിരിച്ചടി വളരെ രൂക്ഷമായതിനാൽ എപ്പിസോഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു. അതിനുശേഷം, കരൺ ക്രിക്കറ്റ് കളിക്കാരെ ഷോയിലേക്ക് ക്ഷണിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. അടുത്തിടെ നടന്ന ഒരു ഷോയിൽ ആറ് വർഷം മുമ്പ് തനിക്കുണ്ടായ ഈ അനുഭവം പങ്കുവെച്ച് വിരാട് കോഹ്‌ലിയെയും ഷോയിലേക്ക് ക്ഷണിക്കാൻ പദ്ധതിയില്ലെന്ന് അദ്ദേഹം പറയുക ഉണ്ടായി.
ടെന്നീസ് താരം സാനിയ മിർസയുമായി നടത്തിയ തുറന്ന സംഭാഷണത്തിനിടെയാണ് കരൺ ഇക്കാര്യം വെളിപ്പെടുത്തിയത്. കരണിന്റെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഷോയിൽ ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത ഒരാളുടെ പേര് പറയാൻ സാനിയ ആവശ്യപ്പെട്ടപ്പോൾ, സാനിയ വിരാട് കോഹ്‌ലിയുടെ പേര് പറഞ്ഞു, താൻ ഒരിക്കലും ആ ക്രിക്കറ്റ് കളിക്കാരനോട് ഷോയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കരൺ പറഞ്ഞു. 'ഞാൻ ഒരിക്കലും വിരാടിനോട് ചോദിച്ചിട്ടില്ല. ഹാർദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും സംഭവിച്ച പ്രശ്നങ്ങൾക്ക് ശേഷം ഞാൻ ഒരു ക്രിക്കറ്റ് കളിക്കാരോടും ഷോയിൽ വരാൻ ചോദിച്ചിട്ടില്ല', കരൺ പറഞ്ഞു.
2019ൽ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ എത്തിയ ഹാർദിക് പാണ്ഡ്യ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. സ്ത്രീവിരുദ്ധവും അനുചിതവുമായ പരാമർശങ്ങൾ പാണ്ഡ്യ നടത്തിയതാണ് പ്രശനങ്ങൾക്ക് കാരണമായത്. വെസ്റ്റ് ഇന്ത്യൻ കളിക്കാരെയും കറുത്തവർഗ്ഗക്കാരുടെ സംസ്കാരത്തെയും നിരീക്ഷിച്ചാണ് താൻ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പഠിച്ചതെന്ന് ഹാർദിക് പറഞ്ഞു. ഒരു പാർട്ടിയിലെ ഒരു കൂട്ടം സ്ത്രീകളെ ചൂണ്ടിക്കാണിച്ച് അവരെല്ലാമായി തനിക്ക് ഒരു പഴയ ചരിത്രം ഉണ്ടെന്ന് തന്റെ മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചും അദ്ദേഹം ഷോയിൽ പറഞ്ഞു, അവർ അഭിമാനത്തോടെയാണ് പ്രതികരിച്ചതെന്ന് ഹാർദിക് കൂട്ടിച്ചേർത്തു.
ഈ പരാമർശം വ്യാപകമായ വിമർശനത്തിന് ഇടയാക്കി, തുടർന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്‌സ് പാണ്ഡ്യയിൽ നിന്നും രാഹുലിൽ നിന്നും വിശദീകരണം തേടി. പാണ്ഡ്യ പിന്നീട് ഇൻസ്റ്റാഗ്രാമിൽ ഈ വിഷയത്തിൽ ക്ഷമാപണം നടത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഭരണഘടനയുടെ ചട്ടം 41 പ്രകാരം രണ്ട് കളിക്കാർക്കെതിരെയും മോശം പെരുമാറ്റത്തിനും അച്ചടക്കമില്ലായ്മയ്ക്കും കുറ്റം ചുമത്തി. ഇത് താൽക്കാലിക സസ്‌പെൻഷനിലേക്കും മത്സരങ്ങൾ നഷ്ടപ്പെടുത്തുന്നതിനും കാരണമായി മാറി.
Content Highlights: Karan Johar says about Virat kohli