

ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയസ്തംഭനവും ഒന്നാണോ? ചിലപ്പോഴെല്ലാം ഒന്നാണെന്ന് കരുതി ഉപയോഗിക്കാറുള്ള വാക്കുകളാണ് ഇവ. ഇവ തമ്മിലുള്ള വ്യത്യാസം അറിയാതെ പോകുന്നത് അപകടകരമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പെട്ടെന്നുള്ള ഹൃദയസ്തംഭനം 10 ശതമാനത്തിലധികം മരണങ്ങൾക്ക് കാരണമാകുമെന്നും ഇരകളിൽ പകുതിയോളം പേർ 60 വയസ്സിന് താഴെയുള്ളവരാണെന്നുമാണ് 2024ൽ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നത്. ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ പോകുന്നതിൻ്റെ അപകടം കൂടിയാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയുന്നത് അതിജീവന സാധ്യത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയസ്തംഭനവും വ്യത്യസ്ത സ്വഭാവത്തിലുള്ള അടിയന്തരാവസ്ഥകളാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇവ രണ്ടിൻ്റെയും സ്വഭാവം തിരിച്ചറിയാൻ കഴിയാതെയുള്ള ആശയക്കുഴപ്പം ജീവൻ നഷ്ടപ്പെടുത്തിയേക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു. ആളുകൾക്ക് ഇവ തമ്മിലുള്ള വ്യത്യാസം അറിയില്ലെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ ആളുകൾക്ക് ശരിയായ രീതിയിൽ പ്രതികരിക്കാൻ കഴിഞ്ഞേക്കില്ല. ആളുകൾക്ക് ഇവ തമ്മിലുള്ള വ്യത്യാസവും അറിയാമെങ്കിൽ, ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെങ്കിൽ കൂടുതൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കൊറോണറി ആർട്ടറിയിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളുടെ ഒരു ഭാഗത്തേക്ക് ഓക്സിജൻ വിതരണം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. എന്നാൽ ഹൃദയം മിടിക്കുന്നത് തുടരുകയും വ്യക്തി ബോധവാനായിരിക്കുകയും ചെയ്യുന്നു. കൈകളിലേക്കോ താടിയെല്ലിലേക്കോ വ്യാപിച്ചേക്കാവുന്ന നെഞ്ചിലെ മർദ്ദം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഓക്കാനം, വിയർപ്പ് എന്നിവയൊക്കെയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുടെ ലക്ഷണമായി ചൂണ്ടിക്കാണിക്കുന്നത്.
പെട്ടെന്നുള്ള ഹൃദയസ്തംഭനം വ്യത്യസ്തമാണ്. ഹൃദയസ്തംഭനം സംഭവിച്ച ആളുടെ ഹൃദയം ഉടനടി നിലയ്ക്കുന്നു. അങ്ങനെ സംഭവിക്കുമ്പോൾ, തലച്ചോറിലേക്കും മറ്റ് സുപ്രധാന അവയവങ്ങളിലേക്കും രക്തം ഒഴുകുന്നത് നിലയ്ക്കും. രോഗിക്ക് നിമിഷങ്ങൾക്കുള്ളിൽ ബോധം നഷ്ടപ്പെടുകയും പൾസ് ഇല്ലാതാവുകയും ശ്വസനം നിലയ്ക്കുകയും ചെയ്യുന്നു. പെട്ടെന്ന് ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയസ്തംഭനം സാധാരണയായി മിനിറ്റുകൾക്കുള്ളിൽ മരണത്തിന് കാരണമാകുന്നു. എന്നാൽ ഒരു ഡിഫിബ്രില്ലേറ്റർ ഉപയോഗിച്ചുള്ള വേഗത്തിലുള്ള ചികിത്സ ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം.
ഹൃദയമിടിപ്പിന്റെ നിരക്കും താളവും നിയന്ത്രിക്കുന്ന കാർഡിയാക് കണ്ടക്ഷൻ സിസ്റ്റം എന്ന പ്രത്യേക വൈദ്യുത സംവിധാനം ഹൃദയത്തിനുണ്ട്. ഈ സംവിധാനം ഹൃദയമിടിപ്പിന്റെ നിരക്കും താളവും നിയന്ത്രിക്കുന്നു. ഓരോ ഹൃദയമിടിപ്പിലും ഹൃദയത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ഒരു വൈദ്യുത സിഗ്നൽ സഞ്ചരിക്കുന്നു. സിഗ്നൽ സഞ്ചരിക്കുമ്പോൾ, അത് ഹൃദയം ചുരുങ്ങാനും രക്തം പമ്പ് ചെയ്യാനും കാരണമാകുന്നു. ഹൃദയത്തിന്റെ വൈദ്യുത സംവിധാനം ശരിയായി പ്രവർത്തിക്കാതിരിക്കുകയും ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാവുകയും ചെയ്യുന്നത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാകാം.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഹൃദയാഘാതം ഒരു രക്തപ്രവാഹ പ്രശ്നമാണ് അതേസമയം ഹൃദയസ്തംഭനം വൈദ്യുത സിഗ്നൽ സംബന്ധിച്ച പ്രശ്നമാണ്. പേശികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ ഹൃദയാഘാതം ചിലപ്പോൾ ഹൃദയസ്തംഭനത്തിന് കാരണമാകും. എന്നാൽ ഹൃദയാഘാതം ഉണ്ടാകുന്ന മിക്കവാറും രോഗികൾക്കും ഹൃദയസ്തംഭനം ഉണ്ടാകില്ലെന്നാണ് ചൂണ്ടിക്കാണിക്കാണിക്കപ്പെടുന്നത്. ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും വേണ്ട ഉടനടിയുള്ള പ്രതികരണങ്ങളും വ്യത്യസ്തമാണ്. ഹൃദയാഘാതം ഉണ്ടായ രോഗിയ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. എന്നാൽ ഹൃദയസ്തംഭനം സംഭവിച്ച രോഗിയ്ക്ക് ഉടൻ തന്നെ CPR നൽകുക എന്നതാണ് അടിയന്തര ഇടപെടൽ. നഷ്ടപ്പെടുന്ന ഓരോ മിനിറ്റും അതിജീവിക്കാനുള്ള രോഗിയുടെ സാധ്യതയെ 7-10% കുറയ്ക്കുന്നു. രോഗിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതും അത്യന്താപേക്ഷിതമാണ്.
Content Highlights: How a heart attack is different from sudden cardiac arrest