

തിരുവനന്തപുരം: പഴയ ചില തെറ്റുകള്‍ തിരുത്തി കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരികയാണെന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ. അതിന്റെ മാറ്റങ്ങള്‍ ജനങ്ങളിൽ കാണാന്‍ കഴിയുന്നുണ്ട്. ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനുകളില്‍ ഭരണവിരുദ്ധ വികാരമുണ്ട്. ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, വികസനമില്ല. ഒരു വിഷനില്ലാത്ത രീതിയിലുള്ള ഭരണമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്നും ശബരീനാഥൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു ശബരീനാഥൻ്റെ പ്രതികരണം.
'തിരുവനന്തപുരത്ത് തന്നെ പല സ്ഥലങ്ങളിലും പോകുമ്പോള്‍, നിങ്ങള്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചല്ലോ, നല്ല സ്ഥാനാര്‍ത്ഥികളാണ് എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ നഗരത്തിന്റെ പരിച്ഛേദം പോലുമുണ്ട്. ടെക്കി മുതല്‍ ആശാവര്‍ക്കര്‍ വരെ നമ്മുടെ പാനലില്‍ ഉണ്ട്. അതിനെയെല്ലാം ജനങ്ങള്‍ വളരെ പോസിറ്റീവായാണ് കാണുന്നത്', ശബരീനാഥൻ പറഞ്ഞു.
'കേരളത്തില്‍ ബിജെപിക്ക് രണ്ട് മുന്‍സിപ്പാലിറ്റികളിലാണ് ഭരണമുള്ളത്. പാലക്കാട് മുന്‍സിപ്പാലിറ്റി, പന്തളം മുന്‍സിപ്പാലിറ്റി എന്നിവയാണ് അത്. കേരളത്തിലെ ഏറ്റവും മോശം മുന്‍സിപ്പാലിറ്റികളില്‍ രണ്ടെണ്ണമാണ് ഇവ. പന്തളത്ത് മുന്‍സിപ്പാലിറ്റിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുകയുകയാണ്. പാലക്കാട് പ്രധാന നഗരങ്ങളില്‍ പോലും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത അവസ്ഥ. ത്രിതല തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് നല്‍കി ജയിപ്പിച്ച ബിജെപിയുടെ രണ്ട് നഗരസഭകളിലും ഭരണം പരാജയമാണ്', ശബരീനാഥന്‍ ആരോപിച്ചു.
'പാര്‍ട്ടിയുടെ പ്രവര്‍ത്തങ്ങള്‍ക്കും നയങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനായാണ് എന്നെ പോലെ പാര്‍ട്ടിയില്‍ സ്ഥാനമുള്ള ആളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ഒരു എംഎല്‍എയോ മുന്‍ എംഎല്‍എയോ പാര്‍ട്ടി സെക്രട്ടറിയോ മാത്രമല്ല പാര്‍ട്ടി. താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ മുതല്‍ ഉപയോഗപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു നിലമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് ജനങ്ങള്‍ എഴുതിയ വിധിയല്ല. പാര്‍ട്ടിക്കകത്ത് തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ കാരണം കോണ്‍ഗ്രസ് പരാജയപ്പെട്ട എത്രയോ മണ്ഡലങ്ങളുണ്ട്. ആ തെറ്റുകള്‍ തിരുത്തി മാപ്പ് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ഐക്യത്തോടെ തിരികെ വരികയാണ്', ശബരീനാഥൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷണർ മാധ്യമങ്ങളെ കാണും. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.
പലയിടങ്ങളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പുരോഗമിക്കുന്നുണ്ട്. പല കോര്‍പ്പറേഷനുകളിലും യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി വി രാജേഷ് കൊടുങ്ങാനൂരിലും ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും മത്സരിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.
Content Highlight; KS Sabarinathan Speaks Ahead of Local Body Poll Announcement