ക്രൈസ്തവസഭ വിദേശിയല്ല, ഭാരത സഭയാണ്, വിദേശസഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നു; മാര്‍ ആന്‍ഡ്രൂസ് താഴത്ത്

രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നും അതുകൊണ്ടുതന്നെ സഭ ഭാരതീയ സഭയാണെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു

ക്രൈസ്തവസഭ വിദേശിയല്ല, ഭാരത സഭയാണ്, വിദേശസഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നു; മാര്‍ ആന്‍ഡ്രൂസ് താഴത്ത്
dot image

തൃശൂര്‍: ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുകയാണെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നും അതുകൊണ്ടുതന്നെ സഭ ഭാരതീയ സഭയാണെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. രാജ്യത്തെ ക്രൈസ്തവര്‍ മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ചെന്നും ബിഷപ്പ് പറഞ്ഞു.

'രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുകയാണ്. മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു. ആക്രമണങ്ങളില്‍ വേദനയുണ്ട്. ക്രൈസ്തവ സഭയെ വിദേശ സഭയായാണ് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നത്. സഭയ്ക്ക് രണ്ടായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട്. സഭ വിദേശിയല്ല. ഭാരത സഭ തന്നെയാണ്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണം': മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്നും ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്ത് ക്രൈസ്തവ സമുദായാംഗം വരാത്തതെന്നും ആന്‍ഡ്രൂസ് താഴത്ത് ചോദിച്ചു. അധ്യാപകരുടെ നിയമന കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

'ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടണം. ക്രൈസ്തവരോട് വിവേചനമാണ് കാട്ടുന്നത്. നാടിന്റെ നന്മയ്ക്ക് ഉതകുന്നവരെ പിന്തുണയ്ക്കണം. തെരഞ്ഞെടുപ്പില്‍ വേണ്ടിവന്നാല്‍ നിലപാട് പറയേണ്ടിവരും. ക്രൈസ്തവരുടെ ഉന്നമനം കൂടി ലക്ഷ്യംവയ്ക്കുന്നവരെ ആയിരിക്കും പിന്തുണയ്ക്കുക. ഞങ്ങളെ തഴഞ്ഞാല്‍ ഞങ്ങളും തഴയും': ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു.

Content Highlights: The Christian Church is not a foreign one, it is the Indian: Mar Andrews Thazhath

dot image
To advertise here,contact us
dot image