നേമം ഷജീർ പാർട്ടിക്കുവേണ്ടി അടികൊണ്ടവൻ: പ്രഖ്യാപിച്ച ഒരു സ്ഥാനാർത്ഥിക്കും മാറ്റമുണ്ടാകില്ലെന്ന് കെ മുരളീധരൻ

പാര്‍ട്ടിക്കുവേണ്ടി അധ്വാനിക്കുന്ന ഒരു ചെറുപ്പക്കാരന് സീറ്റ് കൊടുക്കണ്ട എന്ന് ആരെങ്കിലും പറയുമോയെന്നും മുരളീധരൻ ചോദിച്ചു

നേമം ഷജീർ പാർട്ടിക്കുവേണ്ടി അടികൊണ്ടവൻ: പ്രഖ്യാപിച്ച ഒരു സ്ഥാനാർത്ഥിക്കും മാറ്റമുണ്ടാകില്ലെന്ന് കെ മുരളീധരൻ
dot image

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ മണക്കാട് സുരേഷ് നേമം മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പരിഹാസവുമായി കെ മുരളീധരന്‍. മണക്കാട് സുരേഷ് കെപിസിസി ജനറല്‍ സെക്രട്ടറിയാണെന്നും ഒരുപാട് തിരക്കുകള്‍ ഉളളതുകൊണ്ട് മണ്ഡലം കോര്‍ കമ്മിറ്റിയുടെ ചുമതല വഹിക്കാനാകുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അതുകൊണ്ട് സ്വയം രാജിവെച്ചതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. നേമം സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയായിരുന്നു മണക്കാട് സുരേഷിന്റെ രാജി. നേമം ഷജീറാണ് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. നേമം ഷജീര്‍ പാര്‍ട്ടിക്കുവേണ്ടി അടികൊണ്ടവനാണെന്നും പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും മാറ്റമുണ്ടാകില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

'നേമം ഷജീറിന് സ്ഥാനാര്‍ത്ഥിത്വം കൊടുത്തത് നൂറുശതമാനം ശരിയാണ്. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാണ്. യുവാക്കള്‍ക്ക് സീറ്റ് കൊടുക്കണം എന്ന് പറയുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന് സ്വന്തം നിയോജകമണ്ഡലത്തില്‍ സീറ്റ് കൊടുക്കണ്ടേ? പാര്‍ട്ടിക്കുവേണ്ടി ഒരുപാട് അടികൊണ്ടിട്ടുളള ആളാണ് നേമം ഷജീര്‍. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കാര്‍ എന്നെ തടഞ്ഞപ്പോള്‍ മുന്നില്‍ നിന്ന് അവരുടെ തല്ല് വാങ്ങിയ ആളാണ്. പാര്‍ട്ടിക്കുവേണ്ടി അധ്വാനിക്കുന്ന ഒരു ചെറുപ്പക്കാരന് സീറ്റ് കൊടുക്കണ്ടാന്ന് ആരെങ്കിലും പറയുമോ? പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ത്ഥിയും മാറുന്ന കാര്യമില്ല. എന്ത് പ്രതിസന്ധിയുണ്ടായാലും അത് തരണംചെയ്ത് മുന്നോട്ടുപോകും': കെ മുരളീധരന്‍ പറഞ്ഞു.

മണക്കാട് സുരേഷുമായി ഇന്നും സംസാരിച്ചിരുന്നുവെന്നും ഇവിടെ രാജിക്ക് പ്രസക്തിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. 'സുരേഷ് മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ട് ആ അഭിപ്രായത്തിന് വിലയുമില്ല. നല്ല പ്രതീക്ഷയാണ് തെരഞ്ഞെടുപ്പില്‍ ഉളളത്. അതിനെ അട്ടിമറിക്കാനുളള വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ മാറ്റമില്ല. യുഡിഎഫ് ഒരുമിച്ച് തന്നെയാണ് മുന്നോട്ടുപോകുന്നത്': കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നേമം സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് മണക്കാട് സുരേഷ് കോര്‍ കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവെച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് രാജിക്കത്ത് കൈമാറുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും തിരുവനന്തപുരം ഡിസിസി അധ്യക്ഷനും രാജിക്കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. ജി വി ഹരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു മണക്കാട് സുരേഷിന്റെ ആവശ്യം. എന്നാല്‍ നേമം ഷജീറിനെയാണ് കെ മുരളീധരന്റെ നേതൃത്വത്തിലുളള സമിതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

Content Highlights: Nemom Shajeer is a candidate who fought for congress says K Muraleedharan

dot image
To advertise here,contact us
dot image