

ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ രസകരമായ ചോദ്യവുമായി ഇന്ത്യൻ താരം ഹർലീൻ ഡിയോൾ. പ്രധാനമന്ത്രി ചർമ്മ സംരക്ഷണത്തിന് എന്താണ് ചെയ്യുന്നതെന്നായിരുന്നു ഡിയോളിന്റെ ചോദ്യം. ഇത് സഹതാരങ്ങളെ ഉൾപ്പെടെ ചിരിപ്പിക്കുകയും ചെയ്തു.
കുടിക്കാഴ്ചയ്ക്കിടെ, ക്രിക്കറ്റിലെ സമ്മർദ്ദ ഘട്ടങ്ങളിൽ ശാന്തമായി പെരുമാറാൻ കഴിയുന്ന ഹർലീൻ ഡിയോളിന്റെ കഴിവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പിന്നാലെയായിരുന്നു ഹർലീൻ തന്റെ ചോദ്യം ഉന്നയിച്ചത്. 'സർ, താങ്കളുടെ ചർമ്മം എപ്പോഴും തിളങ്ങുന്നതാണല്ലോ. താങ്കളുടെ ചർമ്മസംരക്ഷണ രീതി എന്താണെന്ന് ദയവായി പറഞ്ഞുതരാമോ?' ഹർലീൻ ഒരു ചെറു പുഞ്ചരിയോടെ ചോദിച്ചു.
അപ്രതീക്ഷിതമായ ചോദ്യം പ്രധാനമന്ത്രിയെയും ഇന്ത്യൻ വനിതാ താരങ്ങളെയും ചിരിയിലാഴ്ത്തി. പിന്നാലെ ചർമ്മ സംരക്ഷണത്തെക്കുറിച്ച് താൻ ചിന്തിക്കാറില്ലെന്ന് പ്രധാനമന്ത്രി മറുപടി നൽകി. പിന്നാലെ ഇന്ത്യൻ ടീമിലെ മറ്റൊരംഗം ഇങ്ങനെ സംസാരിച്ചു. 'സർ ഇത് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ സ്നേഹത്തിന്റെ പ്രതിഫലനമാണ്.' ഈ വാക്കുകൾ താരങ്ങളെയും പ്രധാനമന്ത്രിയെയും കൂടുതൽ ചിരിയിലാഴ്ത്തി.
Harleen Deol asking the skincare routine of Prime Minister Narendra Modi. 😄 pic.twitter.com/sFmFzDEmXb
— Johns. (@CricCrazyJohns) November 6, 2025
വനിത ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 45.3 ഓവറിൽ 246 റൺസിൽ എല്ലാവരും പുറത്തായി. 52 റൺസിന് ഇന്ത്യൻ വനിതകൾ വിജയിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ വനിതകൾ ഏകദിന ക്രിക്കറ്റ് ലോകചാംപ്യന്മാരാകുന്നത്. 2005ലും 2017ലും ഇന്ത്യയായിരുന്നു ഫൈനലിസ്റ്റുകൾ.
Content Highlights: Harleen Deol asks PM Modi about his skincare routine